നിലമ്പൂർ: ഒരു പന്ത്രണ്ടു വയസുകാരിക്ക് എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന ദൃഢ പ്രതിജ്ഞയിൽ ഷിമാ ജാഫർ ഒരുക്കിയത് കരകൗശലങ്ങളുടെ വിസ്മയ ലോകം തന്നെയായിരുന്നു. അപ്രതീക്ഷിതമായി സ്കൂൾ അടച്ചത് മുതൽ കൊച്ചുമിടുക്കി മനസിൽ കുറിച്ചിട്ടതാണ് വെറുതെ നേരം കളയാൻ താനില്ലെന്ന്.
വർണ്ണ കടലാസുകളിൽ, പഴയ കലണ്ടർ ഷീറ്റുകളിൽ, പേപ്പർ ഗ്ലാസുകളിൽ, വിവിധ തരം കുപ്പികളിൽ അവളുടെ വർണങ്ങൾ പൂക്കളായും, ഫ്ളവർ ബേസുകളായും, ബൊക്കകളായും, ഫേട്ടോ ആൽബം ഫ്രെയിമുകളായും, ചായ കോപ്പകളിൽ ചിത്രങ്ങളായും, പുസ്തകങ്ങളിൽ അതിമനോഹര ചിത്രങ്ങളായും അവയ്ക്ക് ജീവൻ വെച്ചു.
നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശിയും അമൽ കോളെജിലെ ഹെഡ് അകൗണ്ടന്റുമായ കല്ലട ജാഫറിന്റെയും ആലിക്കൽ സറീനയുടേയും മകളാണ് ഷിമ. ഇടിവണ്ണ സെന്റ് തോമസ് എ.യു.പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനിയാണ്.
എവിടെ നിന്നും പരിശീലനം കിട്ടാതെ നെറ്റിലും മറ്റും ക്രാഫ്റ്റുകൾ കണ്ടും സ്വന്തമായി സ്വായത്തമാക്കിയ കഴിവുകളിലാണ് ഈ മിടുക്കിയുടെ വരയും കലയും. കഴിഞ്ഞ വർഷം സ്കൂളിൽ ക്രാഫ്റ്റ് മത്സരത്തിൽ ഫ്ളവർ ഡിസൈനിംഗിൽ ഒന്നാം സ്ഥാനം നേടി. പെൻസിൻ ഡ്രോയിംഗ്, ഫാബ്രിക് പെയിന്റിംഗ് എന്നിവയിലും മികവ് തെളിയിച്ചു.
ബോട്ടിൽ ക്രാഫ്റ്റ്, പേപ്പർ ഗ്ലാസ്, കളർ എ ഫോർ പേപ്പറുകൾ, ഫേട്ടോ ഫ്രെയിമിങ്, ഫ്ളവേഴ്സ്, ഫ്ളവർ ബേസ് തുടങ്ങിയവയും, പുസ്തകങ്ങളിൽ ചിത്രങ്ങൾ വരച്ചുമാണ് ലോക് ഡൗൺ ദിനങ്ങളെ ഷിമ ഹോബിയാക്കിയത്. സഹോദരങ്ങൾ: അഫ്റാസ് അബൂബക്കർ, അസിം മുഹമ്മദ്