തിരൂരങ്ങാടി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഠനവും പരീക്ഷയും മുടങ്ങിപ്പോയപ്പോൾ ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വീട്ടിൽ ഇരുന്ന് പരീക്ഷയെഴുതി.
ലോക് ഡൗണിന്റെ അലസത മാറ്റാനായതിനാൽ എൽ.കെ.ജി ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾ വളരെ ആസ്വദിച്ചും പുതുമയോടെയുമാണ് പരീക്ഷയിൽ പങ്കാളികളായത്. രക്ഷിതാക്കൾ തൽക്കാലത്തേക്ക് അദ്ധ്യാപകരുടെയും ഇൻവിജിലേറ്ററുടെയും വേഷമണിഞ്ഞു. പരീക്ഷ തുടങ്ങുന്നതിന്റെ അല്പസമയം മുമ്പ് സ്കൂൾ മൊബൈൽ അപ്ലിക്കേഷൻ മുഖേനെ രക്ഷിതാവിന്റെ മൊബൈൽ ഫോണിലേക്കാണ് ചോദ്യങ്ങൾ അയച്ചുകൊടുത്തത്. പരീക്ഷാനടത്തിപ്പിനാവശ്യമായ നിർദ്ദേശങ്ങളും നേരത്തെ നൽകി. നിശ്ചിത സമയത്തിനകം ക്ലാസ് അദ്ധ്യാപകർക്ക് സ്കൂൾ ആപ്ലിക്കേഷനിലൂടെ രക്ഷിതാക്കൾ ഉത്തരപേപ്പർ തിരിച്ചയക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഒരുവർഷക്കാലം അറിഞ്ഞും അദ്ധ്വാനിച്ചും അനുഭവിച്ചും കുട്ടികൾ നേടിയ അറിവനുഭവങ്ങൾ വിലയിരുത്താനും പഠനപ്രവർത്തനങ്ങളുമായുള്ള ബന്ധം നിലനിർത്താനും സാധിച്ചതിൽ രണ്ടായിരത്തിലധികം വരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും സന്തുഷ്ടരാണ്. പത്താം തരത്തിലെ ഓൺലൈൻ റിവിഷൻ ക്ലാസ് റൂം നടന്നു വരുന്നു. കണക്ക്, കെമിസ്ട്രി, ഫിസിക്സ് രണ്ടാംഘട്ട മോഡൽ പരീക്ഷ അടുത്ത ആഴ്ച ആരംഭിക്കും.