വള്ളിക്കുന്ന്: പടിവാതിൽക്കലെത്തിയ വിഷു കോവിഡിന്റെ ഭീതിയിൽ ഗ്രാമീണർ മറന്നു. ആഴ്ചകൾക്ക് മുമ്പ് തന്നെ പടക്കം പൊട്ടുന്നത് കേൾക്കൽ പതിവായിരുന്നു. ഈ പ്രാവശ്യം പടക്കം പൊട്ടിയില്ല. മാത്രമല്ല വിഷു അടുത്തെത്തിയ കാര്യം പോലും പലരും മറന്നു. പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ കടകൾ തുറക്കാത്ത അവസ്ഥയും സാമ്പത്തിക പ്രയാസവും വിഷു ആഘോഷത്തിന് മങ്ങലേൽപ്പിച്ചു. എല്ലാവർഷവും വിഷുവിന് ആഴ്ചകൾക്ക് മുമ്പാണ് കൊടുങ്ങല്ലൂരിൽ ഭക്തർ പോകുന്നത്. തിരിച്ചുവരുമ്പോൾ പ്രധാനമായും കൊണ്ടുവരിക വിഷു ആഘോഷിക്കാനുള്ള പടക്കങ്ങളാണ്. ഇപ്രാവശ്യം കൊവിഡ് മൂലം കൊടുങ്ങല്ലൂർ ഭരണി നിർത്തിവെച്ചു. നാട്ടിൻപുറങ്ങളിൽ ഒരാഴ്ച മുമ്പെ പടക്ക കച്ചവടം പൊടിപൊടിക്കാറുണ്ട്. ഈ ദിവസങ്ങളിൽ ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് നടക്കാറുള്ളത്. പരമ്പരാഗതമായി പടക്കം നിർമ്മിക്കുന്നവരുമുണ്ട്. എന്നാൽ കൊവിഡിന്റെ ഭീതിയിൽ പടക്ക നിർമാണവും ഉണ്ടായില്ല. ചൈനീസ് പടക്ക വിപണിയും നിലച്ചു. അതേസമയം എവിടെ നോക്കിയാലും കണിക്കൊന്ന പൂത്ത കാഴ്ചകളാണ് കാണാൻ കഴിയുന്നത്.