തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പ്രവാസികളുടെ കണക്ക് രേഖപ്പെടുത്താനുള്ള സർവേ ഇന്നാരംഭിക്കും. പി.കെ അബ്ദുറബ്ബ് എം.എൽ.എയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് മെമ്പർമാർ, സന്നദ്ധ സേവകർ എന്നിവരുടെ സഹായത്തോടെ തുടങ്ങുന്ന സർവേ രണ്ടുദിവസത്തിനകം പൂർത്തിയാക്കും. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കണക്കുമെടുക്കും. ഇതിനനുസരിച്ച് മണ്ഡലത്തിൽ ക്വാരന്റൈൻ സൗകര്യങ്ങൾ ഒരുക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ അബ്ദുൾകലാം, സി.കെ.എ റസാഖ്, ജില്ലാ പഞ്ചായത്തംഗം സി. ജമീല അബൂബക്കർ, തിരൂരങ്ങാടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺമാരായ കെ.ടി റഹീദ, വി.വി ജമീല, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി കുഞ്ഞിമൊയ്തീൻ, പനയത്തിൽ മുസ്തഫ, ഷൈബ മണമ്മൽ, പൊതുവത്ത് ഫാത്തിമ, എം അബ്ദുറഹ്മാൻ കുട്ടി, എച്ച്. ഹനീഫ, വി.ടി സുബൈർ തങ്ങൾ, സി .അബൂബക്കർ ഹാജി, യു.എ റസാഖ്, തിരൂരങ്ങാടി തഹസിൽദാർ ഷാജു, പഞ്ചായത്ത് സെക്രട്ടറിമാർ പങ്കെടുത്തു.