മലപ്പുറം: കൊവിഡ് ഭേദമായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന കീഴാറ്റൂർ പൂന്താനം കാരിയമാട് സ്വദേശി വീരാൻകുട്ടി (85) ഇന്നലെ പുലർച്ചെ മരിച്ചു. വൃദ്ധന്റെ മരണം കൊവിഡ് മൂലമല്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഏപ്രിൽ മൂന്നിന് കൊവിഡ് സ്ഥിരീകരിച്ച വീരാൻകുട്ടിയുടെ അവസാനത്തെ മൂന്നു ഫലവും നെഗറ്റീവായിരുന്നു. 30 വർഷമായി ഹൃദ്‌രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.
മാർച്ച് 31ന് വൈറൽ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കുശേഷം ഏപ്രിൽ 7, 10 തീയതികളിലെ തുടർച്ചയായ രണ്ടു പരിശോധനാ ഫലങ്ങളിൽ വൈറസ് ബാധ ഭേദമായതായി സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 11ന് തുടർ നിരീക്ഷണത്തിനായി ഐസൊലേഷനിൽ നിന്ന് സ്‌റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റി. 13ന് വൈകിട്ട് നാലിന് രോഗിക്ക് ഹൃദയാഘാതമുണ്ടായി. ഇതേദിവസം ലഭിച്ച മൂന്നാമത്തെ സാമ്പിൾ പരിശോധനയും നെഗറ്റീവായിരുന്നു.
മൂത്രത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കിഡ്‌നി തകരാർ കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി ഡയാലിസിസിന് വിധേയനാക്കി. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും രണ്ടുദിവസം മുമ്പ് ശക്തമായ പനി ബാധിച്ചു. 17ലെ പരിശോധനയിൽ സെപ്റ്റിസീമിയ, മൾട്ടി ഓർഗൻ ഡിസ്‌ഫംഗ്ഷൻ സിൻഡ്രോം എന്നിവ ബാധിച്ചതായി കണ്ടെത്തി. ഇന്നലെ പുലർച്ചെ നാലിന് മരണപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് കൊണ്ടിപ്പറമ്പ് ജുമാമസ്ജിദിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് മൃതദേഹം കബറടക്കി.
ഭാര്യ: കാരയിൽ ഹലീമ. മക്കൾ: മുഹമ്മദലി, ഫാത്തിമ, ഉമ്മുസൽമ, റംല, സാജിത, റഷീദ, പരേതനായ ഉസ്മാൻ. മരുമക്കൾ: അബ്ദുറഹ്മാൻ, അഹമ്മദ്കുട്ടി, മുജീബ് റഹ്മാൻ, ഉസ്മാൻ, മുഹമ്മദലി, സുബൈദ, കദീജ.
രോഗം എവിടെ നിന്ന്?
മന്ത്രചികിത്സകൻ കൂടിയായതിനാൽ വീരാൻകുട്ടിയെ സന്ദർശിക്കാൻ പലരും വീട്ടിൽ എത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ സാമൂഹിക വ്യാപന ഭീഷണി നിലനിന്നിരുന്നെങ്കിലും ഇതുണ്ടായില്ല. മകൻ ഉംറ കഴിഞ്ഞെത്തിയ ശേഷമാണ് വീരാൻകുട്ടിയിൽ രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് മകനെയും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും സാമ്പിൾഫലം നെഗറ്റീവായിരുന്നു.