covid
താഴേക്കോട് സമ്മാന പദ്ധതി

മലപ്പുറം: ലോക്ക് ഡൗണിൽ എല്ലാവരും വീടുകളിലാണെങ്കിലും എന്തെങ്കിലും പഴുതുകിട്ടിയാൽ പുറത്തു ചാടുന്നവരെക്കൂടി തളയ്ക്കാൻ താഴേക്കോട് ഗ്രാമപഞ്ചായത്ത് കണ്ടെത്തിയത് സ്വർണ സമ്മാന പദ്ധതി.

കൊവിഡിൽ നിന്ന് രക്ഷപ്പെടാം,​ സമ്മാനം നേടാം. ഇതാണ് പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് പറയുന്നത്.

അരപ്പവന്റെ സ്വർണ നാണയമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സമ്മാനമായി റെഫ്രിജറേറ്ററും വാഷിംഗ് മെഷീനും കിട്ടും. അമ്പതുപേർക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. സഹകരണ ബാങ്കുകളുടെയും മറ്റും സഹകരണത്തോടെയാണ് സമ്മാനങ്ങൾ നൽകുന്നത്.

പതിനായിരത്തോളം കുടുംബങ്ങളുണ്ട് പഞ്ചായത്തിൽ.

ഒരു കുടുംബത്തിൽ ശരാശരി അഞ്ചുപേരും.

കുടുംബത്തിലെ ആരെങ്കിലും പുറത്തിറങ്ങിയാൽ അർഹത നഷ്ടപ്പെടും. ഏപ്രിൽ ഏഴുമുതൽ ലോക്ക് ‌ഡൗൺ അവസാനിക്കുന്നതുവരെ പുറത്തിറങ്ങാതെ വീട്ടിൽ കഴിയണം.

ആരെങ്കിലും പുറത്തിറങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ

ഓരോ വാർഡിലും വോളണ്ടിയർമാരുണ്ടാകും. അവർ നൽകുന്ന റിപ്പോർട്ടനുസരിച്ച് വീടുകളിൽ സമ്മാനക്കൂപ്പൺ എത്തിക്കും. കൂപ്പണിന് അർഹത നേടുന്ന കുടുംബങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.

വീട്ടിൽ തന്നെയിരിക്കുന്നവർക്കേ സമ്മാനം ലഭിക്കൂ. പരമാവധി പേരെ വീട്ടിലിരുത്തുകയാണ് ലക്ഷ്യം.

അബ്ദുൾ നാസ‌ർ, താഴേക്കോട്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്