ramsan
നോമ്പ്

തിരൂരങ്ങാടി: ഇഫ്‌ത്താറുകളും പള്ളികളിൽ തറാവീഹ് നമസ്‌ക്കാരവുമില്ലാത്തൊരു നോമ്പ് കാലമാണ് വരാൻ പോവുന്നത്. കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ പൂർണ്ണമായും അടച്ചിടാനാണ് സർക്കാർ നിർദ്ദേശം. രോഗവ്യാപനം ഇല്ലാതാക്കുന്നതിനായി ഈ തീരുമാനത്തിനൊപ്പമാണ് മത നേതൃത്വവും. റമസാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി പള്ളികൾ വൃത്തിയാക്കുന്ന പതിവ് ഇത്തവണ ഇല്ലാതായി. പള്ളികളുടെ നിർമ്മാണവും അറ്റകുറ്റപണികളും പാതി വഴിയിൽ നിർത്തി. മതസൗഹാർദ്ദത്തിന്റെ വേദികളാവുന്ന ഇഫ്‌ത്താ‌ർ വിരുന്നുകളും ഇത്തവണയുണ്ടാവില്ല. റമസാൻ പഠന ക്ലാസുകളും പള്ളികളിലും മദ്രസകളിലും വർഷം തോറും നടന്നുവരുന്ന ഖുർആൻ പാരായണവും പൂർണ്ണമായും ഒഴിവാക്കി. മഴക്കാലത്തിന് ഇനിയും ദിവസങ്ങൾ ഉള്ളതിനാൽ വേനൽ ചൂടിലായിരിക്കും ഇത്തവണത്തെ നോമ്പെടുക്കൽ. പെരുന്നാൾ നമസ്കാരവും പള്ളികളിൽ നടക്കാൻ സാദ്ധ്യത കുറവാണ്. നോമ്പിലെ പ്രധാന വിഭവമായ പത്തിരിയുടേതടക്കം പൊടികളെല്ലാം ഇതിനകം തന്നെ ഒരുക്കിവച്ചിട്ടുണ്ട്. പെരുന്നാൾ പ്രധാന സീസണായ ടെക്സ്റ്റയിൽ ഷോപ്പുകൾ വലിയ തിരിച്ചടിയാവും നേരിടേണ്ടി വരിക. പുതിയ തുണിത്തരങ്ങൾക്കുള്ള ഓർഡറുകളൊന്നും വ്യാപാരികൾ നൽകിയിട്ടില്ല. റമസാനിലെ അവസാനത്തെ പത്തിൽ റിലീഫ് പ്രവർത്തനങ്ങളും സക്കാത്ത് വിതരണവും മഹല്ലുകൾ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലും നടക്കാറുണ്ട്. ഇത്തവണ ഇവയുടെ നടത്തിപ്പ് രീതിയെല്ലാം മാറ്റേണ്ടിവരും.