മലപ്പുറം: പ്രാർത്ഥനയുടെ റംസാൻ നാളുകളെത്തുകയാണ്. പക്ഷേ, ലോക്ക്ഡൗൺ ആയതിനാൽ പള്ളികളിലെ സമൂഹപ്രാർത്ഥന ഇക്കുറി ഉണ്ടാവില്ല. ഈ നോമ്പുകാലത്ത് വീടുകളിൽത്തന്നെ പ്രാർത്ഥനയിൽ മുഴുകാനാണ് മതനേതൃത്വത്തിന്റെ നിർദ്ദേശം. ഇതിന് പരിപൂർണതയേകാൻ ഓൺലൈനായി പ്രാർത്ഥനകളും പഠനക്ലാസും ഒരുക്കുന്ന തിരക്കിലാണ് മതസംഘടനകൾ. നോമ്പ് പ്രതീക്ഷിക്കുന്ന ഈ മാസം 24ന് ഓൺലൈൻ കാമ്പെയിനിന് തുടക്കമാവും.
വിശ്വാസികൾക്ക് വീടുകളിലിരുന്ന് ലൈവായി പങ്കെടുക്കാം. യൂട്യൂബ്, ഫേസ്‌ബുക്ക്, വെബ്സൈറ്റ്, സൂം ആപ്പ് എന്നിവ പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ ഏറ്റവും വലിയ റംസാൻ പ്രാർത്ഥനാസമ്മേളനം നടക്കുന്ന മലപ്പുറം മഅ്ദിൻ അക്കാഡമിയിൽ റംസാൻ പരിപാടികളെല്ലാം ഓൺലൈനിലൂടെയാണ്. ഇതിനായി നിലവിലുണ്ടായിരുന്ന സ്റ്റുഡിയോ കൂടുതൽ കാര്യക്ഷമമാക്കി. അക്കാഡമിയിൽ താമസിക്കുന്ന പണ്ഡിതരുടേത് സ്റ്റുഡിയോയിലും, മറ്റുള്ളവരുടേത് വീടുകളിൽ സ്വയം റെക്കാഡ് ചെയ്തുമാവും വീഡിയോ തയ്യാറാക്കുക.
വീടുകളിലിരുന്ന് സംബന്ധിക്കാവുന്ന പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പുലർച്ചെ മുതൽ അർദ്ധരാത്രി വരെ നീളുന്ന പരിപാടികളുണ്ട്. പുലർച്ചെ സുബ്ഹ് നമസ്‌കാരശേഷം ഹദീസ് പഠനത്തോടെയാണ് തുടക്കം. കർമ്മശാസ്ത്ര പഠനം, ഖുർആൻ പാരായണം, ആത്മീയ മജ്‌ലിസുകൾ, അനുസ്മരണ സംഗമം, ചരിത്രപഠനം, ബദ്ർ പ്രാർത്ഥനാ സംഗമം, 27ാം രാവിൽ പ്രാർത്ഥനാസമ്മേളനം, വനിതകൾക്കായി ഹോം സയൻസ് ക്ലാസ് തുടങ്ങിയവയെല്ലാം ഓൺലൈനാവും.
''നിലവിലെ സാഹചര്യത്തിൽ വീടുകളിലിരുന്ന് പ്രാർത്ഥനകൾ നിർവഹിക്കുകയാണ് വേണ്ടത്. ഒരാളുടെ ജീവൻ രക്ഷിക്കുന്നതിന് പ്രാർത്ഥനയെക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കും.
-സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, മഅ്ദിൻ ചെയർമാൻ, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി.