മലപ്പുറം ജില്ലയിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ അറിയിച്ചു. കുഞ്ഞ് ഇപ്പോൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലാണ് . കുട്ടിക്ക് രോഗബാധയുണ്ടാകാനിടയായ സാഹചര്യം പരിശോധിച്ചുവരികയാണ്.
ഹൃദ്രോഗവും വളർച്ചാക്കുറവുമുൾപ്പെടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്നുമാസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഏപ്രിൽ 17ന് പയ്യനാടുള്ള വീട്ടിൽവച്ച് ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചയ്ക്ക് 12ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ട കുട്ടിക്ക് ഏപ്രിൽ 17 മുതൽ 21 വരെ ഇവിടെ ചികിത്സ നൽകി. അപസ്മാരമുണ്ടായതിനെ തുടർന്ന് 21ന് പുലർച്ചെ 3.30ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.