മലപ്പുറം: റമസാനിന്റെ തുടക്കത്തിൽ കച്ചവടങ്ങൾ പൊടിപൊടിക്കാറാണ് പതിവ്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ റമസാൻ കച്ചവടം നടക്കുന്നേയില്ല. അവശ്യ സാധനങ്ങളും പഴം, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങൾക്കും ഇളവുണ്ടെങ്കിലും ആവശ്യക്കാർ കുറവായതിനാൽ കുറഞ്ഞ സ്റ്റോക്ക് മാത്രമാണ് കച്ചവടക്കാർ സൂക്ഷിക്കുന്നത്. ബേക്കറി കടകൾ തുറക്കാമെങ്കിലും മിക്കതും അടഞ്ഞു കിടക്കുകയാണ്. റമസാൻ സ്പെഷൽ പലഹാര വിപണിയും ഒരിടത്തും കാണാനേയില്ല.
റമസാനിൽ ഒഴിച്ചുകൂടാനാവാത്ത ഈത്തപ്പഴത്തിന്റെയും കാരക്കയുടെയും വരവും പകുതിയിൽ താഴെയായി കുറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഈത്തപ്പഴം കൊണ്ടുവരുന്നത്. 30 പരം വെറൈറ്റി ഈത്തപ്പഴങ്ങൾ റമസാൻ വിപണിയിൽ എത്താറുണ്ടെങ്കിലും ഇത്തവണ പകുതിയോളം ഇനങ്ങളേ എത്തിയിട്ടൊള്ളൂവെന്ന് മലപ്പുറം കോട്ടപ്പടിയിലെ കച്ചവടക്കാർ പറയുന്നു. വില കുറവുള്ള ഇറാൻ ഈത്തപ്പഴം കിട്ടാനില്ലാത്ത അവസ്ഥയാണ്. കിലോയ്ക്ക് 140 രൂപയുണ്ടായിരുന്ന ഇവയ്ക്ക് 270 രൂപയാണ് വില. ഒമാൻ, ഈജിപ്ത്, സൗദി അറേബ്യ, ഇറാഖ്, ലിബിയ, യു.എ.ഇ, ജോർദ്ദാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഈത്തപ്പഴങ്ങളെത്തുന്നത്. ഈത്തപ്പഴങ്ങളിലെ രാജാവായ അജ്വ കച്ചവടക്കാർ സ്റ്റോക്ക് ചെയ്യുന്നില്ല. കിലോയ്ക്ക് രണ്ടായിരം രൂപ മുതലാണ് വില. കെട്ടിക്കിടന്നാൽ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നതിനാലാണിത്.
പള്ളികളിലെ നോമ്പുതുറകളും ഇഫ്ത്താർ സംഗമങ്ങളും ഇത്തവണയില്ലെന്നത് പഴക്കച്ചവടക്കാരെയും നിരാശരാക്കിയിട്ടുണ്ട്. വേനലായതിനാൽ വീടുകളിൽ പഴങ്ങൾ ഉപയോഗിക്കുന്നത് വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണിവർ. വഴിയോരങ്ങളിൽ തണ്ണിമത്തൻ വിൽപ്പന കാര്യമായുണ്ട്. നോമ്പെത്തിയതോടെ കിലോയ്ക്ക് രണ്ട് രൂപ വർദ്ധിച്ച് 15 രൂപയായി. സാധാരണഗതിയിൽ നോമ്പുകാലത്ത് 20 രൂപ വരെ ഉയരാറുണ്ട്. വിദേശത്ത് നിന്നെത്തുന്ന റെഡ് ഗ്ലോബ് മുന്തിരിയാണ് വിപണിയിലെ പുതുമുഖം. ബംഗ്ലൂരുവിൽ നിന്നാണ് ജില്ലയിലേക്കുള്ള ഇവയുടെ വരവ്. കിലോയ്ക്ക് 110 മുതൽ 120 രുപ വരെ ഈടാക്കുന്നുണ്ട്. വലിപ്പവും മധുരവും കൂടുതൽ ദിവസം കേടുകൂടാതെ നിൽക്കുമെന്നതും പ്രത്യേകതയാണ്. ആപ്പിൾ 180- 200, കുരുവില്ലാത്ത കറുത്ത മുന്തിരി - 110, പച്ച മുന്തിരി- 100, കൈതച്ചക്ക - 30, ഓറഞ്ച് - 90 എന്നിങ്ങനെയാണ് വില.