covid
കൊവിഡ്

മലപ്പുറം: കൊവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം ജില്ലയിൽ ഒരാൾക്ക് കൂടി രോഗം ഭേദമായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. മമ്പുറം വെട്ടം ബസാർ സ്വദേശി 42 കാരിയാണ് കോവിഡ് വിമുക്തയായത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ഇവരെ സ്റ്റെപ്പ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

ഡൽഹി നിസാമുദ്ദീനിലും മുംബയിലും ഭർത്താവിനും മറ്റ് അഞ്ച് കുടുംബങ്ങൾക്കുമൊപ്പം താമസിച്ച് തിരിച്ചെത്തിയവരാണ് മമ്പുറം വെട്ടം ബസാർ സ്വദേശിനി. മാർച്ച് 23ന് വീട്ടിൽ തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന വേങ്ങര കണ്ണമംഗലം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ ഏഴിന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ ഒമ്പതിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്കു ശേഷം കൊവിഡ് വിമുക്തരായവരുടെ എണ്ണം 18 ആയി. ഇതിൽ 12 പേർ ആശുപത്രിയിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. മമ്പുറം വെട്ടം ബസാർ സ്വദേശിനിയുൾപ്പടെ രോഗം ഭേദമായ അഞ്ച് പേർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടരുന്നു. ഒരാൾ രോഗ വിമുക്തനായ ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

ഇനി ഒരാൾ മാത്രമാണ് രോഗ ബാധിതനായി ജില്ലയിൽ ചികിത്സയിൽ തുടരുന്നത്. 20 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് കോവിഡ് ബാധിതയായിരിക്കെ മരിച്ചത്. രോഗബാധിതരെ പുതു ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനായത് സർക്കാർ ഒരുക്കിയ കരുതലിന്റെ നേട്ടമാണെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അഭിപ്രായപ്പെട്ടു. രോഗബാധിതർക്കെല്ലാം മികച്ച ചികിത്സയും പരിചരണവും നൽകാൻ ജില്ലയിലെ ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് സാധിച്ചു. കൂടുതൽ പേർക്ക് രോഗം പകരാതെ സൂക്ഷിക്കാൻ വിവിധ വകുപ്പുകളുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞെന്നും ജില്ലാ കലക്ടർ പറഞ്ഞു.