മലപ്പുറം: കൊവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗവിമുക്തരായ അഞ്ച് പേർ കൂടി ഇന്ന് രാവിലെ 10.30ന് വീടുകളിലേയ്ക്കു മടങ്ങും. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. വേങ്ങര കൂരിയാട് സ്വദേശി 63 കാരൻ, തിരൂർ തെക്കൻ പുല്ലൂർ സ്വദേശിയായ 39 കാരൻ, നിലമ്പൂർ ചുങ്കത്തറ സ്വദേശി 30 കാരൻ, വേങ്ങര കണ്ണമംഗലം സ്വദേശി 45 വയസ്സുകാരി, മമ്പുറം വെട്ടം ബസാർ സ്വദേശി 42 വയസ്സുകാരി എന്നിവരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങുന്നത്. വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകൾക്കും ശേഷമാണ് ഇവർക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു.
മാർച്ച് 11, 12 തിയതികളിൽ ഡൽഹി നിസാമുദ്ദീനിലെ സമ്മളനത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയതായിരുന്നു വേങ്ങര കൂരിയാട് സ്വദേശി. മാർച്ച് 16 നാണ് ഇയാൾ വീട്ടിലെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഏപ്രിൽ ആറ് മുതൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സ ആരംഭിച്ചു. തിരൂർ പുല്ലൂർ സ്വദേശി മാർച്ച് 22ന് ദുബായിയിൽ നിന്നാണ് എത്തിയത്. ബംഗളുരു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് തലശ്ശേരി ഗവ. ആശുപത്രിയിലെത്തി പരിശോധനയ്ക്കു വിധേയനായി. മാർച്ച് 23ന് രാവിലെ ആംബുലൻസിൽ തിരൂർ പുല്ലൂരിലെ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രോഗബാധ സ്ഥിരീകരിച്ചതോടെ മാർച്ച് 26 ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നിലമ്പൂർ ചുങ്കത്തറ സ്വദേശി 30 കാരൻ മാർച്ച് 12 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷം 31 നാണ് ചുങ്കത്തറയിലെ സ്വന്തം വീട്ടിലെത്തിയത്. ഏപ്രിൽ 10 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശിനി 45 കാരിയും മമ്പുറം വെട്ടം ബസാർ സ്വദേശിനിയായ 42 കാരിയും ഡൽഹി നിസാമുദ്ദീനിലും മുംബയിലും ഭർത്താക്കന്മാർക്കും മറ്റ് അഞ്ച് കുടുംബങ്ങൾക്കുമൊപ്പം താമസിച്ച് തിരിച്ചെത്തിയ ശേഷമാണ് കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്. ഫെബ്രുവരി 20 ന് നിസാമുദ്ദീനിൽ നിന്ന് തീവണ്ടിയിൽ യാത്ര ആരംഭിച്ച് 21ന് മുംബയിലെത്തി. അവിടെ തബ്ലീഗ് പള്ളിയിലും വിവിധ വീടുകളിലുമായി ഒരുമാസത്തോളം സംഘം താമസിച്ചശേഷം മാർച്ച് 23ന് സ്വന്തം വീടുകളിൽ തിരിച്ചെത്തി. ഏപ്രിൽ ഏഴ് മുതൽ ഇരുവരേയും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
രോഗം ഭേദമായ അഞ്ചുപേരും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടർ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. അഞ്ച് പേരേയും ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസുകളിലാണ് വീടുകളിലേയ്ക്ക് കൊണ്ടുപോവുക. വീട്ടിലെത്തിയാലും ഇവർ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരമുള്ള പ്രത്യേക നിരീക്ഷണം തുടരണം.