jyothibayi

പാലക്കാട്: ഇരുപതാം നൂറ്റാണ്ടിന്റെ മലയാള കവിതകളെ 'കാവ്യം സുഗേയം' എന്ന കവിതാ ബ്ലോഗിൽ ഭാവാത്മകമായി ചൊല്ലിവയ്ക്കുന്ന ജ്യോതി ബായ് കൊവിഡ് കാലത്തും തിരക്കിലാണ്. മഹാമാരി മനസ്സിൽ ഭീതിയുടെ വല നെയ്യുമ്പോൾ അതിൽ നിന്ന് പുറത്തു കടക്കാനാണ് ലോക്ക് ‌ഡൗൺ കാലത്ത് '21നാൾ 21 ആലാപനം' എന്ന ആശയത്തിലേക്ക് എത്തിയത്.

ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ, ഇടശ്ശേരി,​ വൈലോപ്പിളളി, ചങ്ങമ്പുഴ, ഒ.എൻ.വി, സുഗതകുമാരി തുടങ്ങിയവരുടെ 19 കവിതകളുടെ ആലാപനം ഇതിനകം പൂർത്തിയാക്കി യൂട്യൂബിലൂടെ ബ്ലോഗിൽ ഷെയർ ചെയ്തു. എല്ലാം പ്രിയപ്പെട്ടതാണെങ്കിലും കൂടുതൽ ഇഷ്ടം ഇടശ്ശേരിയുടെ കടത്തുതോണി,​ വള്ളത്തോളിന്റെ ഇന്ത്യയുടെ കരച്ചിൽ എന്നിവയോടാണ്. അടുത്തത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത.

പന്ത്രണ്ടു വർഷം മുമ്പാണ് ജ്യോതിബായി 'കാവ്യം സുഗേയം' ആരംഭിച്ചത്. നിരവധി കവിതാ പ്രേമികൾ ബ്ലോഗിലെ നിത്യസന്ദർശകരാണ്. കാവ്യരചനയും ആലാപനവും ഒരുപോലെ ആസ്വദിക്കുന്നുണ്ടെങ്കിലും രണ്ടും രണ്ടു രീതിയിൽ സർഗാത്മകമാണ്. എഴുത്ത് സ്വന്തം സർഗാത്മഗതയെ തൃപ്തിപ്പെടുത്തുന്നു. അതിൽ നിന്ന് വേറിട്ടൊരു അനുഭവമാണ് ഒരു കവിയെയും കവിതയെയും ആഴത്തിൽ മനസ്സിലാക്കി ചൊല്ലുന്നത്. ഭർത്താവും മക്കളും പ്രോത്സാഹനം നൽകുന്നു.