കടമ്പഴിപ്പുറം: കൊവിഡ് ബാധ ലോകമാകെ ഉയർത്തുന്ന ഭീഷണിക്ക് കീഴടങ്ങാതെ ലോക്ക് ഡൗണ് ദിനങ്ങളിൽ വായനയുടെയും എഴുത്തിന്റെയും ലോകത്ത് വ്യാപൃതനാകുകയാണ് ബാലസാഹത്യകാരൻ കെ.എൻ.കുട്ടി.
പുറത്തിറങ്ങാനോ കൂട്ടുകാർക്കൊപ്പം കളിക്കാനോ കഴിയാത്ത കുട്ടികൾക്ക് കഥകൾ കൊണ്ടും കവിതകൾ കൊണ്ടും ആശ്വാസമാകുകയാണ് കടമ്പഴിപ്പുറം യു.പി സ്‌കൂൾ അദ്ധ്യാപകൻ കൂടിയായ കുട്ടിമാഷ്. ഓരോ ദിവസവും കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ബാലസാഹിത്യത്തിന്റെ തലം ഉറപ്പിക്കുകയാണ് മാഷ്. തോട്ടശേരിയിലെ തൂലിക വായനശാലയുടെ സെക്രട്ടറി കൂടിയായ ഇദ്ദേഹം തന്റെ വീടിനുമുകളിൽ ഒരുക്കിയ വായനശാലയുടെ പുസ്തക ശേഖരത്തിലെ 2500ഓളം പുസ്തകങ്ങൾ തരം തിരിച്ച് അടുക്കി വെക്കുന്നതിന് ആദ്യ ദിവസങ്ങളിൽ വ്യാപൃതനായി. പുസ്തകങ്ങൾ എളുപ്പം തിരഞ്ഞെടുക്കാൻ കഥകൾ, നോവലുകൾ, കവിതകൾ, ബാലസാഹിത്യം, റഫറൻസ്, ആത്മകഥകൾ തുടങ്ങി ഓരോന്നിനും വ്യത്യസ്ത കോർണറുകൾ ഒരുക്കി. വീട്ടിലിരുന്ന് വിരസത അനുഭവപ്പെട്ടവർക്കായി വായനശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വായനക്കായി ഇഷ്ടപ്പെട്ട പുസ്തകം വീട്ടിൽ എത്തിച്ചുനൽകുന്ന ശ്രമമായി തുടർന്നുള്ള ദിനങ്ങളിൽ.
15ൽ അധികം വീടുകളിൽ ഇതിനകം എത്തിച്ചു. പുസ്തകങ്ങൾ മാറ്റി എടുക്കുന്നതിന് ഫോണിൽ വിളിച്ചാൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് എത്തിച്ച് വായനയ്ക്ക് ബ്രേക്ക് ആകാതെ അവസരം ഒരുക്കും. വായനശാലയുടെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ലൈബ്രേറിയനും ഭാര്യയുമായ അദ്ധ്യാപിക രാജിയുടെയും മക്കളായ ഐശ്വര്യയുടെയും ആര്യയുടെയും പിന്തുണയുണ്ട്.
ഇതോടൊപ്പം സാമുഹിക സേവനത്തിലും സമയം കണ്ടെത്തുന്നു. വായനശാലയുടെ സമീപമുള്ള വീടുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹാന്റ് വാഷ്, മാസ്‌ക് എന്നിവ എത്തിച്ചും സമൂഹ അടുക്കളയുടെ പ്രവർത്തനത്തിലും പങ്കാളിത്തം ഉറപ്പുവരുത്തി ലോക്ക് ഡൗണ് സമയം സേവനത്തിനായി വിനിയോഗിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് അദ്ദേഹം. ഇപ്പോൾ നാം നേരിടുന്നത് യുദ്ധ സമാനമായ പോരാട്ടമാണെന്നും ആർക്കൊക്കെ എന്തൊക്ക നഷ്ടമായലും ഇതിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ജനത ഇന്നുള്ളതിലും സംസ്‌കാര സമ്പന്നരാകുമെന്നും മാഷ് പ്രതീക്ഷ പങ്കുവയ്ക്കുന്നു.