ak-balan
ak balan

പാലക്കാട്: സ്‌പ്രിൻക്ളറിന് കരാർ നൽകിയതിൽ തെറ്റില്ലെന്നും,പ്രതിസന്ധി ഘട്ടങ്ങളിലെ ഈ സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളിൽ ആശങ്കപ്പെടുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു.

ഐ.ടി വകുപ്പിന്റെ തീരുമാനത്തോട് സർക്കാരിന് വിയോജിപ്പില്ല. നിയമവകുപ്പ് എല്ലാ ഫയലുകളും കാണണമെന്നും നിർബന്ധമില്ല. കമ്പനി പ്രവർത്തനത്തിന് പ്രാപ്തമാണോ എന്നതാണ് പ്രധാനം. ഫയൽ പരിശോധിക്കാൻ മറ്റ് വകുപ്പുകളിലേക്ക് നൽകാത്തതിനാൽ ഉത്തരവാദിത്തം മുഴുവൻ ഐ.ടി വകുപ്പിനാണ്, അതവർ ഏറ്റെടുത്തിട്ടുണ്ട്. എ.ഡി.ബി കരാറിന്റെ ഒരു രേഖപോലും സെക്രട്ടേറിയറ്റില്ലെന്ന് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നവർ ഓർക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ശേഖരിച്ച വിവരങ്ങൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സെർവറിലേക്ക് പോയാൽ അപകടമാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചപ്പോൾ തന്നെ അത് സർക്കാർ നിയന്ത്രണത്തിലുള്ള സിഡിറ്റിന്റെ കീഴിലേക്ക് മാറ്റി. ഇതെല്ലാം നിയമവിരുദ്ധ പ്രവർത്തനങ്ങളാണെങ്കിൽ അതിനെതിരെ ഹർജി കൊടുക്കാം, ആരോപണമുന്നയിക്കുന്നവർ അതിന് തയ്യാറാവാത്തതെന്തേ?... ഈ വിവാദങ്ങളെല്ലാം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ളതാണെന്നും മന്ത്രി പറഞ്ഞു.