പാലക്കാട്: ലോക്ക് ഡൗണിന് ഇളവുകൾ അനുവദിച്ചതോടെ സർക്കാർ മാർഗനിർദേശം അവഗണിച്ച് ജനം റോഡിലിറങ്ങി. ഹോട്ട് സ്‌പോട്ടായ പാലക്കാട് നഗരസഭയിലെ പലയിടത്തും തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ് വലഞ്ഞു. ഇരുചക്ര വാഹനങ്ങൾ നഗരത്തിലേക്ക് അനിയന്ത്രിതമായി വന്നതോടെ ഉച്ചയ്ക്ക് ശേഷം പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടിവന്നു.

ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട്, നെന്മാറ മേഖലകളിലും തിരക്കനുഭവപ്പെട്ടു. പാലക്കാട് നഗരസഭയ്ക്ക് പുറമേ, കാരാകുർശി, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളും ഹോട്ട് സ്‌പോട്ടായതിനാൽ ഇവിടങ്ങളിൽ കർശന നിയന്ത്രണമുണ്ടായിരുന്നു. തുണിക്കടകൾ ഉൾപ്പെടെ 60 ശതമാനം കടകളും തുറന്നു. നഗരത്തിൽ കൂടുതൽ ഹോട്ടലുകൾ തുറന്നെങ്കിലും പാഴ്സൽ സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒറ്റ-ഇരട്ട അക്ക നമ്പർ വ്യത്യാസമില്ലാതെ എല്ലാത്തരം വാഹനങ്ങളും നഗരത്തിലേക്ക് എത്തിയത് അധികൃതർക്ക് തലവേദനയായി. ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് ഇന്നലെ ഉച്ചവരെ 56 പേർക്കെതിരെ കേസെടുത്തു.
സംസ്ഥാനാതിർത്തി ചെക്ക് പോസ്റ്റുകളിൽ പൊലീസ്-റവന്യൂ വകുപ്പ് സംയുക്ത പരിശോധന ശക്തമായി തുടരുകയാണ്. രാത്രി അതിർത്തിയിലെ ഊടുവഴികളിലൂടെ നിരവധിയാളുകളാണ് എത്തുന്നത്.