പാലക്കാട്: കൈക്കുഴ തിരിച്ച് പന്തെറിയുന്ന അമ്മയും മിഡ് ഓണിലേക്ക് ഷോട്ട് പായിക്കുന്ന അച്ഛനുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. കോവിഡെന്ന മഹാമാരി മുത്തയ്യ മുരളീധരന്റെ ദൂസരപോലെ വരുമ്പോൾ ഫ്രണ്ട് ഫൂട്ടിൽഡിഫന്റ് ചെയ്യാമെന്ന് കളിച്ചുകാണിക്കുകയാണ് മേഴത്തൂർ സ്വദേശിയായ രാമേട്ടൻ.
58 കാരനായ രാമൻ നമ്പൂതിരിയും 51 വയസുള്ള ഭാര്യ ബിന്ദുവും ലോക്ക് ഡൗൺ കാലത്ത് പറമ്പിൽ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് വൈറലായത്. കഴിഞ്ഞ ബുധനാഴ്ചയെടുത്ത വീഡിയോ വ്യാഴാഴ്ചയാണ് മക്കൾ നവനീത് കൃഷ്ണയും രാമാനുജനും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. രണ്ടുദിവസത്തിനകം ഈ വീഡിയോ 79,725 ആളുകൾ കണ്ടു.
പട്ടാളത്തിലായിരുന്ന വെള്ളിനേഴി സ്വദേശി രാമേട്ടനും കുടുംബവും ഇപ്പോൾ തൃത്താല മേഴത്തൂരാണ് താമസം. ബിന്ദു തൃത്താലയിലെ ഡോ. കെ.ബി.മേനോൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ സംസ്കൃത അദ്ധ്യാപികയാണ്.
കുഞ്ഞിലേ ക്രിക്കറ്റിനോട് ഇഷ്ടമുണ്ടായിരുന്നു രാമേട്ടന്. പട്ടാളത്തിൽ നിന്ന് ലീവിനെത്തിയാൽ യുവാക്കളോടൊപ്പം വൈകുന്നേരങ്ങളിൽ പാടത്ത് ക്രിക്കറ്റ് കളിക്കും. ആളൊരു നല്ല ബാറ്റ്സ്മാനാണ്. ദ്രാവിഡാണ് ഇഷ്ട താരം.
കൗതുകം വിസ്മയമായി
ലോക്ക് ഡൗണായതോടെ നേരംപോക്കിനാണ് പറമ്പിൽ മക്കളുമൊത്ത് കളിക്കാൻ തീരുമാനിച്ചത്. ടീച്ചറമ്മയ്ക്ക് വൈകുന്നേരങ്ങളിൽ നടത്തം പതിവാണ്. അങ്ങനെയിരിക്കെയാണ് ഒരുകൈ നോക്കുന്നോ എന്ന് രാമേട്ടൻ ചോദിച്ചത്. മടിച്ചുനിൽക്കാതെ പന്തെടുത്തു. നല്ലരീതിയിൽ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞതോടെ രാമേട്ടന്റെ കൗതുകം വിസ്മയമായി. വീഡിയോ വൈറലായതോടെ ഒരുപാട് ആളുകൾ വിളിച്ചതായി ദമ്പതികൾ പറഞ്ഞു.