തിരുവല്ല: താലൂക്കിലെ പടിഞ്ഞാറൻ മേഖലയായ നിരണം, കടപ്ര പഞ്ചായത്തുകളിലെ തോടുകൾ കടുത്ത വേനലിൽ വറ്റിവരണ്ടു. പമ്പ, മണിമല നദികളിലെ വെള്ളം ധാരാളമായി ഒഴുകിയെത്തുന്ന നിരണം, കടപ്ര, വീയപുരം പ്രദേശങ്ങളിലാണ് വരൾച്ച രൂക്ഷമായി ബാധിച്ചിരിക്കുന്നത്. നെൽക്കൃഷിക്കും പ്രദേശവാസികൾക്കും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അപ്പർകുട്ടനാട്ടിലെ നാഡീവ്യൂഹമായ കൈതോടുകളാണ് വെള്ളമില്ലാതെ വരണ്ടുണങ്ങിയത്. ഈ സീസണിലെ നെൽകൃഷി അവസാനിക്കാറായെങ്കിലും രൂക്ഷമായ ജലക്ഷാമമാണ് ഇക്കുറി നേരിട്ടത്. കൃഷിക്കാവശ്യമായ വെള്ളം സമയത്ത് കിട്ടാത്തതും കർഷകർക്ക് തിരിച്ചടിയായി. വാഴ, പച്ചക്കറി കൃഷികളും വെള്ളം എത്തിക്കാനാകാതെ നാശനഷ്ടം ഉണ്ടായി.
കർഷകരും പ്രദേശവാസികളും ആശങ്കയിൽ
ഉൾത്തോടുകളിൽ വെള്ളം ഇല്ലാതായതോടെ പാടശേഖരങ്ങൾക്ക് ഉള്ളിൽ നിന്നും കൊയ്തെടുക്കുന്ന നെല്ല് വാഹന സൗകര്യമുള്ള റോഡുകളിൽ എത്തിക്കുന്നതിനും കഴിയാതായി. ഇത് കർഷകർക്ക് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.തൊടുകളിലെ വെള്ളം വറ്റിയതിനൊപ്പം പ്രദേശത്തെ കിണറുകളിലും നീരുറവ നിലച്ചു. ചില കിണറുകളിൽ വെള്ളം ഉണ്ടെങ്കിലും നിറംമാറി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. മാലിന്യങ്ങൾ തൊടുകളിലൂടെ ഒഴുകിയെത്തുന്നതും കൂടുതൽ വിനയായി. വറ്റിവരണ്ട തോടുകളിൽ ഈ മാലിന്യങ്ങൾ കുന്നുകൂടി പരിസരമാകെ ദുർഗന്ധം പരത്തുന്നു. വർഷങ്ങൾ കഴിയുംതോറും നദികളിലെയും തോടുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നത് കർഷകരെയും പ്രദേശവാസികളെയും ആശങ്കയിലാക്കി.
ഇത്രയധികം രൂക്ഷമായ വരൾച്ച മുൻവർഷങ്ങളിൽ ഉണ്ടായിട്ടില്ല
(കർഷകർ)
നിരണം- കടപ്ര പഞ്ചായത്തുകളിൽ ................
കിണറുകൾ വറ്റി
തോടുകളിൽ നീരുറവകൾ ഇല്ല
മാലിന്യം തോടുകളിൽ
കർഷകർക്ക് തിരിച്ചടി