പത്തനംതിട്ട: അതീവ ജാഗ്രത വേണമെന്ന് ആവശ്യപ്പെടുമ്പോഴും ഇന്നും സന്നദ്ധ വോളണ്ടിയർമാർ പോലുമില്ലാത്ത പഞ്ചായത്തുണ്ട് ജില്ലയിൽ. എല്ലാം നന്നായി നടക്കുന്നുണ്ട് അവകാശപ്പെടുമ്പോഴും പുറമറ്റം പഞ്ചായത്തിൽ വോളണ്ടിയേഴ്സിനെ കണ്ടെത്തുന്ന നടപടി ഉടൻ പൂർത്തിയാകുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രണ്ട് ആഴ്ചയായി എന്നോർക്കണം .ആരും തയാറായി മുമ്പോട്ട് വരുന്നില്ലെന്നും വരുന്നവർക്ക് വാഹനമില്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പഞ്ചായത്തിലെ മെമ്പർമാർ പറയുന്നത്. ആശാ വർക്കർമാരും ആരോഗ്യ പ്രവർത്തകരും വീട്ടിൽ ഐസൊലേഷനിലുള്ളവരുടെയും പാലിയേറ്റീവ് രോഗികളുടേയും ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. എന്നാൽ നിരന്തരം പി.എച്ച്.സിയേയും മറ്റ് ആശുപത്രിയേയും ആശ്രയിച്ചിരുന്ന രോഗികൾ ആശുപത്രിയിൽ ചെന്ന് മരുന്നു വാങ്ങേണ്ട സ്ഥിതിയാണ്. സത്യവാങ് മൂലം തയാറാക്കി വാഹനം വിളിച്ച് ആശുപത്രിയിലെത്തേണ്ടി വരും. കൂലി പണി ചെയ്ത് ജീവിക്കുന്ന സാധാരണക്കാരാണ് ഇവിടെയധികവും ഓട്ടോ വിളിക്കാനുള്ള തുക പോലും പലർക്കുമില്ല. പ്രവർത്തനങ്ങൾ ഏകോകിപ്പിക്കേണ്ടവർക്ക് പോലും വ്യക്തമായ ധാരണയില്ല.
"പ്രഷറിനും ഷുഗറിനും മരുന്നു കഴിക്കുന്നവരെല്ലാം സത്യവാങ് മൂലം തയാറാക്കി പോയാലും ആള് കൂടില്ലേ. എല്ലാവർക്കും വണ്ടി വിളിച്ച് പോകാൻ സാധിക്കുമോ. ആശുപത്രിയിലെ ചീട്ട് കൊടുത്ത് ആരെയെങ്കിലും പറഞ്ഞു വിട്ടാൽ മതിയെങ്കിൽ തന്നെ അങ്ങ് പോകരുതോ. അത്രേം ദൂരം പോകാൻ കഴിയാത്തത് കൊണ്ടാണ് ചോദിക്കുന്നത്. "
ലീലാമ്മ
(പ്രദേശവാസി)
" എല്ലാവർക്കും പേടിയാണ്. അവരും മനുഷ്യരല്ലേ. വാഹനം ഇല്ലാത്തതാണ് പ്രശ്നം. പലരും പേടിച്ചിട്ട് മുമ്പോട്ട് വരുന്നുമില്ല. വോളണ്ടീയർമാരെ ഉണ്ടാക്കിയെടുക്കാൻ പറ്റത്തില്ലല്ലോ,,
(പഞ്ചായത്ത് അധികൃതർ)
"ചില സന്നദ്ധ സംഘടകൾ എന്ത് ആവശ്യത്തിനും വിളിക്കാൻ എന്ന് പറഞ്ഞ് സമീപിച്ചിരുന്നു . വോളണ്ടീയർമാർ ഉടനെ തയാറാകുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ട്. ചില മെമ്പർമാർ വന്ന് അവരുടെ വാർഡിലുള്ളവർക്ക് മരുന്ന് വാങ്ങി പോകുന്നുണ്ട്.എല്ലാവർക്കും ആ മനസ് ഉണ്ടാവില്ലല്ലോ. ആശാ വർക്കർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എല്ലാ ജോലിയും ചെയ്യാൻ പറ്റില്ലല്ലോ.സഹായികളെ ആവശ്യമുണ്ട്. പ്രവർത്തനങ്ങൾ എല്ലാം നന്നായി നടക്കുന്നുണ്ട്. വരുന്നവർക്ക് എല്ലാം മരുന്ന് ലഭ്യമാക്കും.
( ഡോ. പ്രേമ പുറമറ്റം പി.എച്ച്.സി)