കൊക്കാത്തോട്: കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി,കോട്ടാംപാറ എന്നീ പട്ടികവർഗ കോളനികളിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെയും, ഡി.എഫ്.ഒ ശ്യാം മോഹൻ ലാലിന്റെയും നേതൃത്വത്തിൽ ഭക്ഷണവും,മരുന്നും എത്തിച്ചു. കാട്ടാത്തി കോളനിയിൽ 32 കുടുംബങ്ങളും, കോട്ടാംപാറ കോളനിയിൽ 17 കുടുംബങ്ങളുമാണ് താമസിക്കുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ശേഷം ഈ കുടുംബങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കോളനികൾ സന്ദർശിച്ച ആരോഗ്യ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് എം.എൽ.എയുടെയും, ഡി.എഫ്.ഒ യുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. പട്ടികവർഗ വികസന വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഭാഗമായി ഡോക്ടർ, ലബോറട്ടറി, മരുന്ന് തുടങ്ങിയ സൗകര്യങ്ങളും, ഭക്ഷണ കിറ്റുമായി കൈതാങ്ങ് വോളന്റിയർമാരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കാട്ടാത്തി കോളനിയിൽ ഊരുമൂപ്പൻ ദാസിന്റെ നേതൃത്വത്തിൽ കോളനി നിവാസികൾ എത്തി ഓരോരുത്തരായി വൈദ്യ പരിശോധനയ്ക്ക് വിധേയരായി.പരിശോധനകൾക്ക് ശേഷം ആവശ്യമുള്ളവർക്ക് മരുന്ന് നല്കുകയും, 32 കുടുംബങ്ങൾക്കും കൈത്താങ്ങ് വോളന്റിയർമാർ ഭക്ഷണകിറ്റ് നൽകി. അത്യാവശ്യങ്ങൾക്കു വനം വകുപ്പ് വാഹനങ്ങൾ നല്കണമെന്നും, തുടർച്ചയായ മെഡിക്കൽ പരിശോധന പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. പഞ്ചായത്തംഗം സൂസമ്മ ജേക്കബ്,ആയുഷ് കോന്നി താലൂക്ക് നോഡൽ ഓഫീസർ ഡോ.എബി ഏബ്രഹാം, ഡോ.ലക്ഷ്മി.ആർ.പണിക്കർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫസലുദ്ദീൻ,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ, കൈത്താങ്ങ് പദ്ധതി പ്രവർത്തകരായ ശിവൻകുട്ടി ,ജോജു എന്നിവരും ഒപ്പമുണ്ടായിരുന്നു.