പത്തനംതിട്ട: കൊവിഡ് 19നെ തുടർന്ന് 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം അമ്പരന്ന ജനം പിന്നെ അതുമായി പൊരുത്തപ്പെട്ടു. മുന്നറിയിപ്പില്ലാതെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നതിനാൽ ആവശ്യമായ ഒരുക്കം സാധാരണക്കാർ നടത്തിയില്ല. എന്നാൽ അവശ്യവസ്തുക്കളടക്കം വൻതോതിൽ വാങ്ങിക്കൂട്ടിയവരുമുണ്ട്. പക്ഷേ ഇടത്തരക്കാരും സാധാരണക്കാരും അടങ്ങുന്ന മദ്ധ്യവർത്തികളാണ് ഇപ്പോൾ ആശങ്കയുടെ നടുവിലായിരിക്കുന്നത്. വരവും ചെലവും ഒരേപോലെ തടസപ്പെടുന്ന അവസ്ഥയിലാണ് ഇവർ.
-------------------
ആശങ്കയിൽ സാധാരണക്കാർ
സൗജന്യ റേഷനും കിറ്റും വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ടെങ്കുലും വരുന്ന രണ്ടാഴ്ചത്തേക്കുള്ള അവശ്യവസ്തുക്കൾ കടകളിലൂടെ ലഭിക്കാൻ തടസമുണ്ടാകുമോയെന്നതാണ് സാധാരണക്കാരുടെ ചോദ്യം.
പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വരവിലുണ്ടായ കുറവാണ് പ്രധാന കാരണം. പച്ചക്കറികൾ വരുന്നുണ്ടെങ്കിലും വിലയിൽ സാരമായ വ്യത്യാസമുണ്ട്. പലചരക്ക്, സ്റ്റേഷനറി സാധനങ്ങൾ പലയിടത്തും ലഭിക്കുന്നില്ല. വാഹനങ്ങളുടെ യാത്ര തടസപ്പെട്ടതാണ് കാരണം. മെഡിക്കൽ സ്റ്റോറുകളിൽ പല മരുന്നുകളുടെയും സ്റ്റോക്ക് തീർന്നു. മൊത്ത വ്യാപാരികൾക്കുള്ള മരുന്നും വാഹനതടസം കാരണം യഥേഷ്ടം എത്തുന്നില്ല. വദേശത്തുനിന്നുള്ളതടക്കമുള്ള പല മരുന്നുകളുടെയും വരവ് നിലച്ചു.
റീചാർജിംഗ് ഇല്ല
റീചാർജിംഗുമായി ബന്ധപ്പെട്ട കടകൾ അടച്ചിരിക്കുകയാണ്. മൊബൈൽ, ഡിഷ് ടിവി റീ ചാർജിംഗുകളാണ് ഇതോടെ തടസപ്പെട്ടത്. ഓൺലൈനിലൂടെ ഇവ ചാർജ് ചെയ്യാമെങ്കിലും സാധാരണക്കാർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ഇവയുടെ നടപടിക്രമങ്ങൾവശമല്ല.
--------------------
കുടിവെളളം മുട്ടും
വരൾച്ചയുടെ കാലയളവിൽ പ്ലംബിംഗ് സംബന്ധമായ ജോലികൾ മുടങ്ങിയത് പലയിടത്തും കുടിവെള്ളം മുട്ടിച്ചു. മോട്ടോറുകൾ, പൈപ്പുകൾ ഇവയുടെ തകരാറ് പരിഹരിക്കാൻ ജീവനക്കാരെ കിട്ടാനില്ല. സാധനങ്ങൾ വാങ്ങാൻ കടകൾ തുറക്കാത്തതു കാരണം ജീവനക്കാർ ജോലിക്ക് പുറത്തിറങ്ങുന്നതേയില്ല. കിണറുകളിൽ ജലനിരപ്പിലുണ്ടാകുന്ന വ്യതിയാനത്തിന് അനുസരിച്ച് മോട്ടോറുകൾ ഘടിപ്പിച്ചുവന്നവരുണ്ട്. ഇവരൊക്കെ വെള്ളത്തിനു തന്നെ ബുദ്ധിമുട്ടുന്നു.
റബർ ഉൾപ്പെടെ വിപണന മേഖല നിലച്ചു. ചെറിയ തോതിൽ ടാപ്പിംഗ് നടത്തി ജീവിതം നയിച്ചുവന്നവരാണ് പ്രതിസന്ധിയിലായത്. സ്വന്തമായ ടാപ്പ് ചെയ്‌തെടുക്കുന്ന റബർ മരങ്ങളിൽ നിന്നുള്ള ഷീറ്റും ഒട്ടുപാലുമൊക്കെ വില്പന നടത്തി ചെലവു നടത്തിവന്നവരാണ്. ഇന്പ്പോൾ ഇവർക്ക് ഇതു വിറ്റഴിക്കാനാകുന്നില്ല. റബർ ഉത്തേജക പാക്കേജുകൾ ആറുമാസമായി മുടങ്ങിക്കിടക്കുകയാണ്.
കാർഷകോത്പന്നങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില്പനയ്ക്ക് പ്രതിസന്ധി നേരിട്ടപ്പോൾ കൃഷിവകുപ്പും ഹോർട്ടകോർപും ഇടപെടൽ നടത്തിയത് ആശ്വാസവുമായി.
നവജാത ശിശുക്കളുടെ വസ്ത്രങ്ങളടക്കം വിറ്റുവന്നിരുന്ന വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. വസ്ത്രശാലകളിലാണ് ഇത്തരം തുണികൾ ഏറെയും വിറ്റിരുന്നത്. മെഡിക്കൽസ്റ്റോറുകളോടനുബന്ധിച്ച് നവജാത ശിശുക്കൾക്കുള്ള വസ്ത്രങ്ങൾ ലഭ്യമാക്കാൻ നടപടി വേണമെന്നതാണ് ആവശ്യം.
-----------------
ദിവസക്കൂലിക്കാർ വലയുന്നു
ദിവസക്കൂലി വാങ്ങി ജോലിയെടുത്തുവന്നിരുന്നവരുടെ കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. ഒരാഴ്ചയായി വരുമാനം നിലച്ചു. ജില്ലയിൽ അതിനു രണ്ടാഴ്ച മുമ്പേ ഏതാണ്ട് ജോലി തടസപ്പെട്ട നിലയിലായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളികൾ, സ്വകാര്യ ബസ് ജീവനക്കാർ, വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ജോലിക്കു നിന്നവർ, തൊഴിലാളികൾ തുടങ്ങിയവരൊക്കെ ഇതിലുൾപ്പെടുന്നു. യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത ഇവരുടെ കുടുംബങ്ങൾ ഏറെ പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നത്.
കൊറോണ പ്രതരോധവുമായി ബന്ധപ്പെട്ട് അവശ്യ സർവീസുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ബുദ്ധിമുട്ടുകളേറെയാണ്. സാങ്കേതികമായ സംവിധാനങ്ങൾക്കു തകരാറുണ്ടായാൽ പരിഹരിക്കാൻ മാർഗങ്ങളില്ല. കംപ്യൂട്ടർ സ്‌പെയർ പാർട്‌സുകളില്ല. റിപ്പയറിംഗ് സ്ഥാപനങ്ങൾ തുറക്കുന്നതുമില്ല. നെറ്റ് വർക്കുകളുണ്ടാകുന്ന തകരാറുകളും പരിഹരിക്കപ്പെടുന്നില്ല. വാഹനങ്ങളുടെ ടയർ റീട്രേഡിംഗ്, പഞ്ചർ ഒട്ടിക്കൽ സൗകര്യങ്ങളില്ല. വർക്ക് ഷോപ്പുകളുമില്ല.