തണ്ണിത്തോട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന ആദിവാസി ജനവിഭാഗങ്ങൾക്ക് തണ്ണിത്തോട് ജനമൈത്രി പൊലീസിന്റേയും തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമത്തിന്റേയും നേതൃത്ത്വത്തിൽ നടത്തിയ പ്രവർത്തനം സ്വാന്ത്വനമേകി. ലോക്ക് ഡൗൺകാലത്ത് പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ജീവിച്ചിരുന്ന തേക്കുതോട് ഏഴാംതല വനത്തിനുള്ളിൽ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തിൽ പെട്ട ആദിവാസി കുടുംബങ്ങൾക്കാണ് ഇവർ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്.നാല് കുടുംബങ്ങളിലായി കൊച്ചുകുട്ടികളും പ്രായമായവരും ഉൾപ്പെടെ 16 പേരാണ് വനത്തിനുള്ളിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നത്.അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആഹാര സാധനങ്ങൾക്കും മറ്റും പുറത്തിറങ്ങാറുള്ള ഇവർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തണ്ണിത്തോട് ജനമൈത്രി പൊലീസും തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം എന്ന സംഘടനയും ചേർന്ന് ഇവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്.ലോക്ക് ഡൗൺ കഴിയുന്നതുവരെ ഉപയോഗിക്കുന്നതിശാവശ്യമായ ഭക്ഷ്യ കിറ്റുകൾ ഇവർക്ക് വിതരണം ചെയ്തു.തണ്ണിത്തോട് പൊലീസ് സർക്കിൾ ഇൻസ്പക്ടർ അയൂബ്ഖാൻ ആദിവാസി ഊര് മൂപ്പൻ ജനാർദ്ദനന് ഭക്ഷ്യ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബൈജു,അനൂജ്,സി.പി.ഒ മാരായ ശരത്ത് ,പ്രേംജിത്ത്,പ്രവാസി സംഘടന സെക്രട്ടറി ലിബിൻ,ലത്തീഫ്,കോവിഡ് 19 വാളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.