അടൂർ : ലോക്ക് ഡൗണിനെ തുടർന്ന് നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണവും വിലക്ക് ലംഘിക്കുന്നവർക്കെതിരേ കേസ് ഉൾപ്പെടെയുള്ള നടപടികളും പൊലീസ് സ്വീകരിച്ചതോടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് . ഇന്നലെ രാവിലെ മുൻ ദിവസങ്ങളേ അപേക്ഷിച്ച് വാഹനങ്ങൾ കുറവായിരുന്നു. ആശുപത്രി കേസുകളാണ് ഏറ്റവും കൂടുതൽ. സൗജന്യ റേഷൻ വിതരണം ആരംഭിച്ചതോടെ അത് വാങ്ങുന്നതിനായും ഇന്നലെ ആളുകൾ ഏറെ ദിവസങ്ങൾക്ക് ശേഷം വീട് വിട്ടിറങ്ങി. സാമൂഹ്യ ആകലം കർശനമായും പാലിച്ചുകൊണ്ടാണ് റേഷൻ സാധനങ്ങൾ ലഭ്യമാക്കിയത്. അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടില്ല. നാലും അഞ്ചുംപേർ വീതം മാത്രമാണ് കടയ്ക്ക് മുന്നിലുണ്ടായിരുന്നത്. എല്ലാ റേഷൻ കടയിലും ആവശ്യത്തിലധികം ഭക്ഷ്യധ്യാന്യം സ്റ്റോക്ക് ഉണ്ടയിരുന്നതിനാൽ നിശ്ചിത അളവിൽ കൊടുക്കുന്നതിന് തടസവുമുണ്ടായില്ല. പൊലീസ് വാഹന പരിശോധന ഇന്നലെ പ്രധാന ടൗൺ വിട്ട് ഗ്രാമീണ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചു. ഇന്നലെ പിടിയിലായതിൽ അധികവും ഗ്രാമപ്രദേശങ്ങളിൽ കറങ്ങാൻ ഇറങ്ങിയവരായിരുന്നു. അടൂർ, ഏനാത്ത് സ്റ്റേഷനുകളിൽ 21 വീതം വാഹനങ്ങൾ പിടിച്ചെടുക്കുകയും അത്രയും പേർക്കെതിരേ കേസെടുക്കുകയും ചെയ്തു. കൊടുമണ്ണിൽ എട്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും 8 കാൽനട യാത്രക്കാർ ഉൾപ്പെടെ 16 പേർക്കെതിരേ കേസെക്കുകയും ചെയ്തു.