ചെങ്ങന്നൂർ : നൂറ്റവൻപാറ ശുദ്ധജല പദ്ധതിയിൽ നിന്നും ജല അതോറിറ്റി പമ്പു ചെയ്യുന്ന കുടിവെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവുമെന്ന് വ്യാപക പരാതി. പൈപ്പിൽ നിന്നു ശേഖരിക്കുന്ന വെള്ളം ഭക്ഷണംപാകം ചെയ്യുന്നതിനും മറ്റും ഉപയോഗിക്കാൻ ജനങ്ങൾ മടിക്കുന്നു. പുലിയൂർ പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട നൂറ്റവൻപാറ തെക്കേ ചരുവിലെ കിണറ്റിൽ നിന്ന് പമ്പു ചെയ്യുന്ന വെള്ളത്തിനാണ് ദുർഗന്ധം അനുഭവപ്പെടുന്നത്. വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളുടെ അകത്ത് മത്തനിറം പറ്റിപ്പിടിക്കുന്നുണ്ട്. വേനൽ കടുത്തതോടെ കിണർവറ്റി, ജലനിരപ്പു താഴ്ന്നതോടെ ചെളിയുടെ അളവുംകൂടി.1969ൽ ആരംഭിച്ച പദ്ധതിയുടെ കിണർ തുടക്കത്തിൽ കുറെക്കാലം തുറന്നു കിടക്കുകയായിരുന്നു.പിന്നീട് അതിനു മുകൾവശം കോൺക്രീറ്റ് ചെയ്ത് മൂടി. ഇതു മൂലം കിണറ്റിലേക്ക് വായു പ്രവാഹവും സൂര്യപ്രകാശവും കടക്കുന്നില്ല. കിണറിന് മേൽമുടിയിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ അതിനു ശേഷം കിണറിന് ഉൾവശം വൃത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.
പ്രദേശവാസികളിൽ ആശങ്ക
പൈപ്പിലൂടെ കിട്ടുന്ന വെള്ളത്തിന് ഉണ്ടാകുന്ന നിറവ്യത്യാസവും രുചിഭേദവും ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പമ്പ് ചെയ്യുന്ന വെള്ളത്തിൽ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കാറില്ലെന്നും ആക്ഷേപമുണ്ട്. പാറക്കെട്ടുകൾ നിറഞ്ഞ ഈ പ്രദേശത്ത് കിണർ കഴിച്ച് കുടിവെള്ളം ലഭ്യമാക്കുന്നത്നടപ്പാകുന്ന കാര്യമല്ല. നൂറ്റവൻപാറയ്ക്ക് മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കും താഴ് വാരത്തെ ചെറുകോട്ട പാടത്തിനു സമീപമുള്ള കിണറും പമ്പ് ഹൗസും ഉൾപ്പെട്ട ശുദ്ധജല പദ്ധതിയാണ് 150 ഓളം കുടുംബങ്ങൾ ഉൾപ്പെടുന്ന സ്ഥലവാസികളുടെ ഏക ആശ്രയം.ഇവരെ കൂടാതെ സമീപത്ത്,അതിർത്തിയിൽ വരുന്ന നഗരസഭ 18,21 വാർഡുകളിൽ ഉൾപ്പെട്ട അത്ര തന്നെ കുടുംബങ്ങളും നൂറ്റവൻപാറ മിനി ശുദ്ധജല പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
മോട്ടോർ തകരാറും വൈദ്യുതി തടസവും
അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കവും മോട്ടോർ തകരാറും ഇവിടുത്തെ ജലവിതരണത്തിന് തടസമാകാറുണ്ട്. തന്നെയുമല്ല ,വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച പൈപ്പുലൈനുകൾ എല്ലാം പൊട്ടിപൊളിഞ്ഞ് ജോയിന്റുകൾ വിട്ട് അകന്നു കിടക്കുന്നതും, ടാങ്കിന്റെ ചോർച്ചയും മൂലം പമ്പ് ചെയ്യുന്ന വെള്ളം ലക്ഷ്യത്തിൽ എത്താതെ പാഴായി പോകുന്നുമുണ്ട്.പൊതു ടാപ്പുകളുടെ എണ്ണവും കുറവാണ്. നൂറ്റവൻപാറ ശുദ്ധജല പദ്ധതി നിലവിലെ ജനസാന്ദ്രത കണക്കിലെടുത്ത് വിപുലീകരിക്കണമെന്ന്ഏറെനാളുകളായുള്ള നാട്ടുകാരുടെ ആവശ്യവും അധികൃതർ പരിഗണനക്കെടുത്തിട്ടില്ല.
പദ്ധതിയുടെ ടാപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന് മിക്കപ്പോഴും ചെളി കലർന്ന മഞ്ഞ നിറവും രുചി വ്യത്യാസവുമുണ്ട്
(പ്രദേശവാസികൾ)
1969ൽ ആരംഭിച്ച പദ്ധതി
കിണർ മൂടിയിട്ട് നാളുകൾ
പ്രദേശത്ത് 150 കുടുംബങ്ങൾ