02-nellu
പശിയടക്കുമോ ഈ പാടശേഖരം ?.കൊല്ലംചിറ-കേശമത്ത് പടി പാടശേരത്ത് ഏക്കർ കണക്കിന് നെല്ല് വിണടിഞ്ഞ് കിളിർക്കുന്നു.

ഇലവുംതിട്ട: കർഷകരുടെ നൂറ് മേനി എന്ന സ്വപ്നം പൊലിയുന്നു. അമ്പലക്കടവിലെ കൊല്ലംചിറ പാലത്തിന് കിഴക്കുളള കലവേദിപ്പടി-കേശമത്ത് പടി പുഞ്ചപ്പാടത്താണ് കണ്ണീരിന്റെ നിലവിളി ഉയരുന്നത്.നൂറ് മേനി വിളഞ്ഞ പാടത്ത് നെല്ല് വീണടിഞ്ഞ് കിളിർത്ത് നശിക്കുകയാണ്. ഇവിടെ കൊയ്ത്തിന് പാകമായ നെല്ലാണ് ഇടയ്ക്കിടയ്ക്ക് പെയ്ത മഴയിൽ ഒടിഞ്ഞുവീണ് കിളിർത്തു നശിക്കുന്നത്.ചെന്നീർക്കര-കുളനട പഞ്ചായത്തുകളിൽ ഉൾപ്പെട്ട വലിയ പുഞ്ചകളിൽ ഒന്നാണിത്.വർഷങ്ങളായി തരിശ് കിടന്ന പാടശേഖരം ഇരു പഞ്ചായത്തുകളും ഏറ്റെടുത്ത് കർഷക ഗ്രൂപ്പുകളിലൂടെയാണ് ഇവിടെ കൃഷിയിറക്കിയത്.കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ ചിട്ടയായി നടന്ന നെൽക്കൃഷി പരിപാലനത്തിൽ പതിര് കാണാൻ കഴിയാത്ത വിധം കതിർക്കുലകളാണ് പഴുത്ത് വിളഞ്ഞത്.തോട് തോണ്ടി മൂന്ന് ഡിവിഷനുകളായി കൃഷിയിറക്കിയ ഇവിടെ മൂന്നാഴ്ച മുമ്പ് കതിർമണികൾ വിളഞ്ഞ് നിരന്ന് നിന്ന് ഗതകാല പ്രൗഡി വിളിച്ചോതിയത് നാട്ടുകാരിൽ പുത്തൻ പ്രതീക്ഷയാണ് നൽകിയത്.കതിരണിഞ്ഞ പാടം കാണാൻ തന്നെ കാലത്തും നാലുമണി നേരത്തും ആളുകൾ പാലത്തിൽ ഒത്തുകൂടിയിരുന്നു.രണ്ടും മൂന്നും ആഴ്ചകൾക്ക് മുമ്പ് കൊയ്ത് കയറേണ്ട നെൽച്ചെടികളാണ് വേനൽ മഴയിൽ വീണ് കിളിർക്കുന്നത്. കൊവിഡ് 19 രോഗ ഭീതിയിൽ ഉണ്ടായ നിയന്ത്രണത്തിൽ കൊയ്ത്ത് യന്ത്രം എത്തിക്കുന്നതും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.ഇതോടെ ഇനി കൊയ്ത്ത് വൈകിയാൽ നൂറ് മേനി വിളഞ്ഞ പാടത്തുനിന്ന് 50 മേനി വിളവുപോലും കൊവി‌ഡ് 19പട്ടിണിക്ക് തെല്ല് പരിഹാരമായി ലഭിക്കില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.