പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക് ഡൗണിനെ തുടർന്ന് ഏർപ്പെടുത്തിയ സൗജന്യ റേഷൻ വിതരണത്തിന്റെ ആദ്യ ദിനം തിരക്കില്ലാതെ കടന്നു പോയി. ഒരു സമയം 5 പേർക്ക് സാധനങ്ങൾ വാങ്ങാൻ അകലം പാലിച്ച് ക്യൂ നിൽക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതിൽ കൂടുതൽ ആളുകൾ രാവിലെ മുതൽ കടകളിൽ എത്തിയിരുന്നു. ആളുകൾ അകലം പാലിച്ച് നിന്നതിനാൽ കട ഉടമകൾക്കോ പൊലീസിനോ ജില്ലയിൽ തിരക്ക് നിയന്ത്രിക്കാൻ കാര്യമായ ഇടപെടൽ നടത്തേണ്ടി വന്നില്ല. അഞ്ച് പേരുടെ വീതം കാർഡുകൾ വാങ്ങിയ ശേഷം പേര് വിളിച്ച് സാധനങ്ങൾ തൂക്കി നൽകുന്ന സംവിധാനമാണ് കട ഉടമകൾ നടപ്പാക്കിയത്.
റേഷൻ കാർഡ് നമ്പരിന്റെ അവസാന അക്കത്തിന്റെ ക്രമപ്രകാരം സാധനങ്ങൾ വിതരണം ചെയ്തത് തിരക്ക് ഒഴിവാക്കുന്നതിന് പ്രയോജനപ്പെട്ടു. 0, 1 എന്നിവയിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കാണ് ഇന്നലെ അരിയും മണ്ണെണ്ണയും വിതരണം ചെയ്തത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ മുൻഗണനാ വിഭാഗക്കാർക്കാണ് സാധനങ്ങൾ നൽകിയത്. ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ മുൻഗണനേതര വിഭാഗക്കാർക്കും നൽകി.
റേഷൻ കടകൾക്ക് മുന്നിൽ കാത്ത് നിന്ന വയോജനങ്ങൾക്ക് സന്നദ്ധ സംഘടനാ പ്രവർത്തകർ റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകി.
----------------------
ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് മുൻപ് റേഷൻ വാങ്ങിയ മുൻഗണാ വിഭാഗക്കാർ 22,923
താലൂക്ക് അടിസ്ഥാനത്തിൽ
കോഴഞ്ചേരി 3081
തിരുവല്ല 3966
അടൂർ 5260
റാന്നി 3186
മല്ലപ്പളളി 2607
കോന്നി 4823.
---------------------
ഇന്ന് വിതരണം ചെയ്യുന്നത് 2, 3അക്കങ്ങളിൽ അവസാനിക്കുന്ന കാർഡു നമ്പരുകൾക്ക്. നാളെ 4, 5. 4ന് 6, 7. 5ന് 8, 9.