പത്തനംതിട്ട: കൊവിഡ് 19 ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ മാനസിക, സാമൂഹിക, ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്ന കാവൽ പദ്ധതിയുടെ ഭാഗമായി കണക്ടിംഗ് പത്തനംതിട്ട എന്ന പരിപാടി സംഘടിപ്പിക്കുന്നു. സന്നദ്ധ സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെയാണ് പരിപാടി. കാവൽ പദ്ധതിയിൽ ഉൾപ്പെടുന്ന 18 വയസിനു താഴെയുള്ള കുട്ടികൾക്കായാണു പദ്ധതി. ടെലിഫോൺ കോൾ, വാട്‌സ്ആപ്പ് ഗ്രൂപ്പ്, ടെക്സ്റ്റ് സന്ദേശങ്ങൾ മുഖേനയാണ് നടപ്പിലാക്കുന്നത്.
ഹലോ ചങ്ങായി, ജ്വാല, ചിലങ്ക, ജാങ്കോ ഞാൻ പെട്ടു നീയോ, ബോധന, പ്രചോദന എന്നിങ്ങനെ ആറുതരം പരിപാടികളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്.
കൊവിഡിനെ ചെറുത്തുതോൽപ്പിക്കാൻ കുട്ടികൾക്ക് മാനസിക ഊർജ്ജം നൽകുന്നതോടൊപ്പം സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുക, ഫലപ്രദമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക, വീട്ടിൽ കഴിയുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം അകറ്റുക, ടെലികൗൺസലിംഗ് സംവിധാനം കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കൊറോണയുമായി ബന്ധപ്പെടുന്ന സംശയങ്ങൾ ആശങ്കകൾ പരിഹരിക്കുക, ഗവൺമെന്റ് മുഖേനയുള്ള ജാഗ്രത നിർദേശങ്ങൾ അതാതു സമയം കുട്ടികളിലേക്ക് എത്തിക്കുക, ജില്ലയിലെ ആരോഗ്യ സാമൂഹിക രംഗത്തെ പ്രമുഖർ കുട്ടികളുമായി സംവദിക്കാൻ അവസരം ഒരുക്കുക, കുട്ടിയും കുടുംബവും സമൂഹത്തിനു പ്രിയപ്പെട്ടതാണെന്ന ബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുക, വീടുകളിൽ കുട്ടികളുടെ സുരക്ഷയും മാനസിക സാമൂഹിക ആരോഗ്യവും ഉറപ്പ് വരുത്തുക തുടങ്ങിയവയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.