പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി അവശ്യ സർവീസ്, സാധനങ്ങൾ, മരുന്നുകൾ എന്നിവ വാങ്ങുന്നതിന് ഒഴികെയുള്ള വാഹന ഗതാഗതം കർശനമായി നിയന്ത്രിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. വാഹനപരിശോധന കർശനമാക്കുന്നതിന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പൊലീസിന്റെ സ്‌ക്വാഡുകൾക്കു പുറമേ ജില്ലയിലെ ആറു താലൂക്കുകളിലും സ്‌ക്വാഡുകളെ നിയോഗിച്ചു. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങി നടക്കുന്നവരുടെ രജിസ്‌ട്രേഷനും ലൈസൻസും താൽക്കാലികമായി റദ്ദ് ചെയ്യും. കൊവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന് ജനങ്ങൾ വീടുകളിൽ കഴിയുകയും ആരോഗ്യജാഗ്രത പുലർത്തുകയും വേണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.