പത്തനംതിട്ട: നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ടക്കാരിൽ 4 പേരെ ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ലക്ഷണങ്ങൾ കണ്ട ഇവരുടെ പരിശോധനാ ഫലങ്ങൾ ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. ചിറ്റാറിലെ ഒരു വീട്ടിലെ സ്ത്രീയടക്കം രണ്ട് പേർ, പന്തളത്ത് നിന്നുളള രണ്ട് പേർ എന്നിവരാണ് ആശുപത്രിയിലുളളത്. ഇതോടെ ജനറൽ ആശുപത്രിയിൽ എെസൊലേഷനിൽ കഴിയുന്നവർ ഒൻപതായി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ജില്ലയിൽ നിന്നുളള മറ്റ് 10 പേർ വീടുകളിൽ എെസാെലേഷനിലാണ്. പരിശോധനയ്ക്ക് സ്രവങ്ങൾ എടുക്കാനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആനപ്പാറ സ്വദേശിയെ തിരികെ വീട്ടിൽ കയറ്റുന്നതിനെ ഒരു വിഭാഗം എതിർത്തു. ഇതേ തുടർന്ന് പൊലീസ് സംരക്ഷണത്തോടെയാണ് ഇദ്ദേഹത്തെ വീട്ടിലെത്തിച്ചത്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പത്തനംതിട്ടക്കാരായ കൂടുതൽ ആളുകൾ പങ്കെടുത്തതായാണ് സൂചന. പലരും പോയ വിവരം പുറത്തുപറയാതെ നടക്കുകയാണെന്ന് ആരോഗ്യ പ്രവർത്തകർ സംശയിക്കുന്നു.
ഇന്നലെ ജില്ലയിൽ നിന്ന് 76 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ച ഫലങ്ങളിൽ ഒന്നും പോസിറ്റീവായിട്ടില്ല.