അടൂർ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ച ക്യാമ്പിൽ മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളികൾ സംഘടിച്ചു. അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എം. സൺ ഒാഡിറ്റോറിയത്തിനോട് ചേർന്നാണ് ക്യാമ്പ് . ഹോസ്റ്റൽ മുറിയിൽ 82 പേരും പറക്കോട്ടുള്ള ബാർ ഹോട്ടലിൽ 25 പേരുമുണ്ട്. എട്ട് കരാറുകാരുടെ തൊഴിലാളികളാണ് ഇവർ. ഇവർക്കാവശ്യമായ ഭക്ഷണം താൽക്കാലിക സംവിധാനം എന്ന നിലയിൽ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ലഭ്യമാക്കിയിരുന്നു. കരാറുകാർ ഇവർക്ക് ഭക്ഷണം തയ്യാറാക്കി നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇവരിൽ പലരും ഒഴിഞ്ഞുമാറി. കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ആഹാരം തൊഴിലാളികൾക്ക് തികയുന്നില്ലെന്ന് ആരോപിച്ചാണ് ഇവർ ഇന്നലെ രാവിലെ ബഹളമുണ്ടാക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് ചറ്റയംഗോപകുമാർ എം. എൽ. എയും ഡി. വൈ. എസ്. പി ജവഹർ ജനാർദ്ദും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി. പൊലീസ് ഇടപെട്ട് പ്രധാന തൊഴിലാളികൾ ഒഴികെയുള്ളവരെ തിരിച്ചയച്ചു. സ്ഥലത്തെത്തിയ 4 കരാറുകാരുകരുമായി വിഷയം ചർച്ച ചെയ്തു. മറ്റുള്ളവരെ വിളിച്ചുവരുത്തി പൊലീസ് സ്റ്റേഷനിൽവച്ച് ചർച്ചനടത്താൻ തീരുമാനിച്ചു. തൊഴിലാളികളുടെ സംരക്ഷണത്തിനായി കമ്മിറ്റിക്ക് രൂപം നൽകി. അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറിയും കരാറുകാർ വരും ദിവസങ്ങളിൽ ലഭ്യമാക്കും. ഒരു തൊഴിലാളിക്ക് ഒരാഴ്ചത്തേക്ക് 5 കിലോ അരിയോ, ആട്ടയോ അളന്ന് ലഭ്യമാക്കുന്നതിനായി ഒാഫീസും തുറന്നു. സി. പി. ഐ ജിലാ സെക്രട്ടറി എ. പി. ജയൻ, ജില്ലാ പഞ്ചായത്തംഗം ടി. മുരുകേഷ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത. മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാർ, സി. പി. ഐ ജില്ലാ അസി. സെക്രട്ടറി ഡി. സജി, അഡ്വ. അർ.ജയൻ, ബി. ജെ. പി പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് തുങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. സ. ഐ യു. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.