പത്തനംതിട്ട: ഇരുപതു വർഷമായി കാൻസർ രോഗബാധിതയായ കരീമാൻതോട് കണ്ണാടിയിൽവീട്ടിൽ പുഷ്പവല്ലിക്ക് ജീവൻ നിലനിറുത്താൻ മണിക്കൂറുകൾക്കകം മരുന്ന് എത്തിച്ച് തപാൽ വകുപ്പ്. കൊറിയർ കമ്പനികളിലൂടെ അയച്ചുകൊണ്ടിരുന്ന മരുന്ന് ലോക് ഡൗൺ മൂലം ഇത്തവണ തപാൽ മാർഗമാണ് അയച്ചത്. തപാൽനീക്കം തടസപ്പെട്ടതിനാൽ മരുന്ന് യഥാസമയം ലഭിക്കാൻ തടസംവന്ന വിവരം അറിഞ്ഞ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി ആന്റോ ആന്റണി എം.പിയെ അറിയിച്ചു. ആന്റോ ആന്റണി എം.പിയുടെ അഭ്യർത്ഥന പ്രകാരം പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ബാലകൃഷ്ണൻ നായർ തിരുവല്ല ആർ.എം.എസ് ഓഫീസിൽ നേരിട്ടെത്തി പാർസൽ കൈപറ്റി രാത്രിയോടെ പുഷ്പവല്ലിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.