പന്തളം:വീട്ടിലിരിക്കുന്നതിന്റെ ബോറടി മാറ്റാൻ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് മാന്തുക ഗവ.യു.പി.സ്‌കൂളിലെ കുട്ടികൾ . ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അവരുടെ സർഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ അക്ഷര വൃക്ഷം പദ്ധതിയുടെ ഭാഗമായാണിത്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നുണ്ട്. അദ്ധ്യാപകർ ദിവസവും നൽകു ന്ന ആക്ടിവിറ്റികൾ കുട്ടികൾ ആവേശപൂർവം പൂർത്തിയാക്കുന്നു. പൂന്തോട്ട നിർമ്മാണം, അടുക്കള പച്ചക്കറി ത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ ആവേശപൂർവ്വം ഏറ്റെടുത്തുകഴിഞ്ഞു. പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കളും ഉണ്ടാക്കുന്നുണ്ട്. ഇവയുടെ പ്രദർശനം സ്‌കൂൾ തുറക്കുമ്പോൾ നടത്തും. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, സീനിയർ അസിസ്റ്റന്റ് രാജീമോൾ, അദ്ധ്യാപകരായ ശ്രീജ കർത്ത, ഹണി തെരസ് ജോർജ്, നിഷ എന്നിവർ നേതൃത്വം നൽകുന്നു.