>> ഏപ്രിൽ മാസത്തെ സർവീസ്, ഫാമിലി പെൻഷൻ വിതരണം തുടങ്ങി


പത്തനംതിട്ട: കൊവിഡ് 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തി ട്രഷറികളിലൂടെയുള്ള ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം സർക്കാർ തുടങ്ങി. ആദ്യദിനം പെൻഷൻ വാങ്ങാൻ തിരക്ക് കുറവായിരുന്നു. അവസാനം ലഭിച്ച കണക്കുകൾപ്രകാരം ജില്ലയിൽ ആദ്യദിനം 1576 പേർ പെൻഷൻ കൈപ്പറ്റിയതായി ജില്ലാ ട്രഷറി ഓഫീസർ പ്രസാദ് മാത്യു പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും സർക്കാർ നിർദേശങ്ങൾ പാലിച്ച് സുഗമമായ പെൻഷൻ വിതരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഫയർ ആൻഡ് റസ്‌ക്യൂ/ആരോഗ്യം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ബുധനാഴ്ച എല്ലാ ട്രഷറികളും പരിസരവും അണുവിമുക്തമാക്കിയിരുന്നു. ജീവനക്കാരുടെയും, പെൻഷൻകാരുടെയും പൂർണ സുരക്ഷ ഉറപ്പുവരുത്താൻ ജില്ലയിലെ 11 ട്രഷറികളിലും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കൈകൾ കഴുകി ശുദ്ധമാക്കാനുള്ള വാഷ്‌ബെയിസിൻ, ഹാൻഡ് വാഷ്, സാനിറ്റൈസർ, ശാരീരിക അകലം പാലിച്ചുള്ള ഇരിപ്പിടങ്ങൾ എന്നിവ ട്രഷറികളിൽ ഒരുക്കിയിരുന്നു. പെൻഷൻ വിതരണത്തിന് ആവശ്യമായ ടെല്ലർ കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പ് പ്രവർത്തകരും എല്ലാ ട്രഷറികളിലും എത്തിയിരുന്നു. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിസര ശുചീകരണം നടത്തിയിരുന്നു.

ബാങ്കുകൾക്ക് മുൻകൂട്ടി കത്ത് നൽകി പെൻഷൻ വിതരണത്തിന് ആവശ്യമായ പണം ട്രഷറിയിൽ കരുതിയിരുന്നു. സുരക്ഷയുടെ ഭാഗമായി വിവിധ വകുപ്പുതല പ്രവർത്തനങ്ങളുടെ ഏകോപനം ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ നേതൃത്വത്തിൽ റവന്യൂവകുപ്പ് നിർവഹിച്ചു. തിരുവല്ല, കുമ്പനാട് തുടങ്ങിയ സബ് ട്രഷറികൾ സന്ദർശിച്ച് സബ് കളക്ടർ ഡോ.വിനയ് ഗോയൽ ക്രമീകരണങ്ങൾ വിലയിരുത്തി.

വീണാജോർജ് എം.എൽ.എ ജില്ലാ ട്രഷറിയും സബ് ട്രഷറിയും സന്ദർശിച്ചു. സന്ദർശന വേളയിൽ പെൻഷൻകാരിൽ നിന്ന് ലഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകൾ എം.എൽ.എമാർ ട്രഷറി ഓഫീസർക്ക് കൈമാറി. കോന്നി സബ് ട്രഷറിയിൽ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.

ജില്ലയിലെ 181 ട്രഷറി ജീവനക്കാരിൽ 148 പേരും പൊതു വാഹനഗതാഗതം ഇല്ലാതിരുന്ന സാഹചര്യത്തിലും ഓഫീസിൽ ഹാജരായിരുന്നു.