> മുന്നിൽ അടൂർ നിയോജക മണ്ഡലം
പത്തനംതിട്ട: ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഏപ്രിൽ ഒന്നു വരെ ജില്ലയിൽ ഉച്ചഭക്ഷണം ലഭിച്ചത് 39,710 പേർക്ക്. ജില്ലയിൽ നാല് മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചൺ നടത്തുന്നത്.
അഗതികൾ, ഭിക്ഷാടകർ, കിടപ്പുരോഗികൾ, നിർദ്ധനർ എന്നിവർക്ക് സൗജന്യമായിട്ടാണ് ഭക്ഷണം നൽകിവരുന്നത്. ജില്ലയിൽ 7247 പേർക്കാണ് സൗജന്യ ഭക്ഷണം ലഭ്യമാക്കിയത്.
ഇതിൽപെടാത്ത ആളുകൾക്ക് കമ്മ്യൂണിറ്റി കിച്ചണിൽ നേരിട്ടെത്തി ഭക്ഷണം വാങ്ങുന്നവരിൽ നിന്ന് 20 രൂപയും വീടുകളിൽ എത്തിക്കുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. സസ്യാഹാരമാണ് ഇപ്പോൾ നൽകുന്നത്. പഞ്ചായത്ത് വാർഡ് മെമ്പർ, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങൾ എന്നിവരടങ്ങുന്ന ഏഴംഗ കോർഡനേഷൻ കമ്മിറ്റിക്കാണ് ചുമതല. ഒരു അടുക്കളയിൽ മൂന്നു മുതൽ അഞ്ച് വരെ കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണമൊരുക്കുന്നത്. ഉച്ചയൂണിന് പുറമെ പ്രഭാത ഭക്ഷണവും അത്താഴവും പ്രാദേശിക നിരക്കിൽ നൽകും.
ആവശ്യമായ പച്ചക്കറികൾ കുടുംബശ്രീ ജെ.എൽ.ജി കൂട്ടായ്മകളുടെ കൃഷിയിടത്തിൽ നിന്നും കൃഷി വകുപ്പിൽ നിന്നുമാണ് എത്തിക്കുന്നത്. ഇതിനുപുറമെ കുടുംബശ്രീ അംഗങ്ങളുടെ വീട്ടുവളപ്പിലുണ്ടാകുന്ന പച്ചക്കറികളും കമ്മ്യൂണിറ്റി കിച്ചണിൽ എത്തിക്കുന്നു. സപ്ലൈകോ വഴി 10 രൂപാ 90 പൈസ നിരക്കിൽ അരിയും ലഭിക്കുന്നുണ്ട്.
ജില്ലയിൽ അടൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് സാമൂഹ്യ അടുക്കള വഴി ഉച്ചഭക്ഷണം നൽകിയത്. 9750 പേർക്ക്. ഗ്രാമപഞ്ചായത്തുകളിൽ 1875 പേർക്ക് ഉച്ചഭക്ഷണം നൽകി. കടമ്പനാട് പഞ്ചായത്താണ് മുന്നിൽ.