അടൂർ : ജീവിക്കാൻ വകയില്ലെങ്കിലും സേവനം ജീവിതദൗത്യമായി ഏറ്റെടുക്കുകയാണ് അടൂർ നഗരസഭയിലെ മുൻ ചെയർമാൻ ബാബു ദിവാകരൻ. ചെയ്യുന്ന കാര്യങ്ങൾക്ക് ഒരു പരസ്യവും വേണ്ടെന്ന് സ്വയം പ്രഖ്യാപിച്ചതിനൊപ്പം ലോക്ക് ഡൗണുമായി ജനങ്ങൾ പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകഥ അറിയിക്കുന്ന ഹ്രസ്വ ചിത്രവും ഇതിനോടകം നിർമ്മിച്ച് സോഷ്യൽ മീഡിയയിലും ഇദ്ദേഹം താരമായി. കലാപരമായ അഭിരുചിയും അതുവഴി ലഭിക്കുന്ന മുഹൂർത്തങ്ങളുമാണ് ഇൗ ചെറുപ്പാക്കാരന്റെ സമ്പാദ്യം. ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ നടത്താൻ കഴിയാതെ വീർപ്പുമുട്ടുമ്പോഴും കടംവാങ്ങിയും തന്നാൽ കഴിയാവുന്ന സഹായങ്ങൾ ചെയ്ത് മാതൃകയാകുന്നു ഇൗ കോൺഗ്രസുകാരൻ. ലോക്ക് ഡൗണിനെ തുടർന്ന് വീടിനുള്ളിലേക്ക് ഉൾവലിഞ്ഞെങ്കിലും ഇതിനോടകം അഞ്ഞൂറിലധികം മാസ്ക്കുകൾ ബാബു ദിവാകരനും ഭാര്യയും തുന്നി സൗജന്യമായി നൽകി. ആരോഗ്യ സംരക്ഷണത്തിലേർപ്പെട്ടിരിക്കുന്നവർക്കാണ് പ്രധാനമായും ഇത് നൽകിയത്. മാസ്ക്കുകളുടെ വിതരണത്തിന് പുറപ്പെട്ടപ്പോഴാണ് കഠിനമായ ചൂടിനെ വകവയ്ക്കാതെ നടുറഡിൽ നിന്നുപൊരിയുന്ന പൊലീസുകാരുടേയും സന്നദ്ധ പ്രവർത്തകരുടേയും ജീവിതം നേരിൽ കാണാനായത്. ഇത് മറ്റൊരു ദൗത്യത്തിനുകൂടി വഴി തെളിച്ചു. മോരിൽ ഇഞ്ചിയും കാന്താരിയും വെളുത്തുള്ളിയും ചുമന്നുള്ളിയും ചേർത്ത് നല്ല സംഭാരമാക്കി കുപ്പികളിൽ നിറച്ച് ഇന്നലെ അടൂരിലാകെ വിതരണം ചെയ്തു. ഉച്ചവെയിലിൽ ക്ഷീണിച്ചു തകർന്ന പൊലീസുകാർക്ക് മാത്രമല്ല വഴി യാത്രക്കാർക്കും ഇത് ഉപകാരപ്പെട്ടു.