root

പത്തനംതിട്ട : ജില്ലയിൽ ഒരാൾക്ക് കൂടി ഇന്നലെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് എത്തിയ തുമ്പമൺ സ്വദേശിയായ 28കാരനാണ് രോഗം. ഇദ്ദേഹം സഞ്ചരിച്ച റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. ഇയാളുമായി നേരിട്ട് സമ്പർക്കമുളള 18 പേരെയും പരോക്ഷ സമ്പർക്കമുളള അഞ്ചു പേരെയും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം കലൂരിൽ കൂട്ടുകാരുടെ വീട്ടിൽ താമസിച്ച ശേഷം കാറിൽ തിരുവല്ല, കുളനട വഴി തുമ്പമണ്ണിലെത്തുകയായിരുന്നു.

ഷാർജയിൽ നിന്ന് ഇക്കഴിഞ്ഞ 21ന് വിമാനം കയറി ഇയാൾ 22ന് പുലർച്ചെ കൊച്ചിയിലെത്തി. അന്ന് കലൂരിൽ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച ശേഷം 23ന് രാവിലെ തിരുവല്ലയ്ക്ക് തിരിച്ചു. 11മണിയോടെ തിരുവല്ല കുറ്റിക്കാട്ട് ബിൽഡിംഗിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എമ്മിൽ കയറി. തുടർന്ന് മുളക്കുഴ പളളിപ്പാട്ട് ജംഗ്ഷനിൽ മദാൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. കുളനടയിയിൽ ആറ്റിലേത്ത് ഫാർമസിയിലും സ്വാഗത് തീയറ്ററിന് എതിർവശത്തെ ഫ്രൂട്ട്‌സ് കടയിലും കയറി. പിന്നീട് പന്തളത്ത് ഏഷ്യാനെറ്റ് ബ്രോഡ്ബ്രാന്റ് ഓഫീസിൽ കയറി. 23ന് ഉച്ചക്ക് 12.15ന് തുമ്പമൺ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയത് ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഏപ്രിൽ ഒന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് രോഗം സഥിരീകരിച്ചത്.

ജില്ലയിൽ ആകെ 25 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്.


17 പേർ നിസാമുദ്ദീനിൽ നിന്ന്

ഡൽഹി നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 17 പേർ ഉളളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ഒരാൾ ഡൽഹിയിൽ വച്ചു മരിക്കുകയും മൃതദേഹം അവിടെ സംസ്‌കരിക്കുകയും ചെയ്തു. മൂന്നു പേർ ഇപ്പോഴും ഡൽഹിയിൽ തുടരുന്നുണ്ട്. 12 പേരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ഇവരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.