അടൂർ: മണ്ണടി കന്നിമലയിലെ ഏക്കറുകണക്കിന് ചോലവനങ്ങളും പുൽമേടുകളും തീപിടിച്ച് നശിച്ചു. അമൂല്യമായ ജൈവവൈവിധ്യമാണ് വർഷം തോറും തീപിടിച്ച് നശിക്കുന്നത്.. മാർച്ച് ആകുന്നതോടെ ഈ മലനിരകളിൽ തീ ആളിപ്പടരുന്നത് പതിവാണ്. പ്രദേശത്ത് കുളിരുള്ള കാലാവസ്ഥ പ്രദാനം ചെയ്യുന്നതിൽ മുഖ്യപങ്കാണ് കന്നിമല മലനിരകൾക്കുള്ളത്. പശ്ചിമഘട്ടം പിന്നിട്ടെത്തുന്ന കാറ്റിനെ തടഞ്ഞുനിർത്തി വർഷത്തിൽ 1000 മില്ലിമീറ്റർ മഴ ഇവിടെ ലഭിക്കുന്നതിന് ഈ പർവതമാണ് സഹായിക്കുന്നത്. മഴക്കാലത്ത് ഇവിടുത്തെ ഖനന പ്രവൃത്തി മൂലം കന്നിമല ദുരന്തമേഖലയായി മാറുന്നു. ഇതിനിടയിൽ ഖനന മാഫിയയും വെല്ലുവിളിയായി എത്തുന്നുണ്ട്. നാട്ടുകാരുടെയും ഡിവൈഎഫ്ഐ പ്രവർത്തകരുടെയും നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി. അടൂരിൽ നിന്നും ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും വാഹനം എത്താൻ വഴിയില്ലാത്തതിനാൽ ശ്രമം വിഫലമായി.കന്നിമലയിൽ അടിക്കടി ഉണ്ടാകുന്ന കാട്ടുതീ യെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീനി എസ് മണ്ണടി ആവശ്യപ്പെട്ടു,