dr-a-l-sheeja

ജില്ലയിലെ കൊവിഡ് പ്രതിരോധ നേട്ടങ്ങളെപ്പറ്റി ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എ.എൽ.ഷീജ കേരളകൗമുദിയോട് സംസാരിക്കുന്നു

പത്തനംതിട്ട: കൊവിഡ് 19 രോഗ വ്യാപനത്തെ ഫലപ്രദമായി ചെറുത്ത് തോൽപ്പിച്ച് പത്തനംതിട്ട ജില്ല രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പത്തനംതിട്ട ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാനത്ത് രണ്ടാംഘട്ടം കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ സമയം പാഴാക്കാതെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധത്തിനിറങ്ങിയതാണ് നമുക്ക് നേട്ടമായത്. ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബത്തിൽ നിന്ന് വലിയ തോതിൽ ആളുകളിലേക്ക് കൊവിഡ് പകരാതെ തടയാൻ ആരോഗ്യ വകുപ്പിന്കഴിഞ്ഞു. ഇൗ കുടുംബത്തിൽ പെട്ട 9 പേർക്കല്ലാതെ മറ്റൊരാളിലേക്ക് രോഗം പടർന്നതുമില്ല. രണ്ടാം ഘട്ടം വ്യപനം തുടങ്ങിയ മാർച്ച് ഏഴിന് ശേഷം ജില്ലയിൽ 13 പേരിൽ മാത്രമാണ് രോഗം കണ്ടത്. കർശനമായി നിയന്ത്രണവും നിരീക്ഷണവും നടപ്പാക്കി രോഗവ്യാപനത്തെ ചെറുക്കുകയെന്ന യുദ്ധത്തിന് ജില്ലയിൽ നേതൃത്വം കൊടുക്കുന്നത് ഒരു വനിതാ ഡോക്ടറാണ് - ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എ.എൽ.ഷീജ. ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷനും സഹായിയായിട്ടുണ്ട്. ജില്ലാ ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ മേൽനേട്ടത്തിൽ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തുന്ന കൊവിഡ് പ്രതിരോധ നടപടികളെപ്പറ്റി ഡോ. ഷീജ വിശദീകരിക്കുന്നു.

? റാന്നിയിൽ ഒരു വീട്ടിലെ മൂന്നു പേർക്കും അവരുടെ 6 ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ വലിയ ഭീതിയിലായിരുന്നു ജില്ലയിലെ ജനങ്ങൾ. പിന്നീട് 4 പുതിയ നാല് കേസുകൾ മാത്രമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ആശ്വസിക്കാൻ പറ്റുന്ന അന്തരീക്ഷമാണോ.

> അത് പറയാറായിട്ടില്ല. വിമാന സർവീസ് നിറുത്തിയതോടെ വിദേശത്ത് ഇപ്പോൾ ആരും വരുന്നില്ല. ഇപ്പോഴത്തെ ഭീഷണി മറ്റ്സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്. അവരെ കണ്ടെത്തുകയും രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയുമാണ്. മറ്റിടങ്ങളിൽ നിന്ന് വരുന്നവർ നാട്ടിലെത്തി കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്താൻ സാദ്ധ്യതയുണ്ട്. ചിലർ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കില്ല. പനിയോ മറ്റോ വരുമ്പോഴാണ് ആശുപത്രിയിൽ എത്തുന്നത്. ഇൗ പ്രവണതമാറണം.

? കൊവിഡ് പ്രതിരോധം വലിയ യുദ്ധമായാണ് വിശേഷിപ്പിക്കുന്നത്. എന്തൊക്കയാണ് പത്തനംതിട്ടയിലെ തന്ത്രങ്ങൾ.

> കാെവിഡ് സ്ഥിരീകരിച്ച രണ്ടാം ഘട്ടത്തിൽ തന്നെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് നല്ല ഏകോപനമുണ്ടാക്കി. പൊലീസ്, റവന്യു, തദ്ദേശ സ്ഥാപനങ്ങൾ, ഫയർഫോഴ്സ്, എക്സൈസ് തുടങ്ങിയവരെല്ലാം നല്ലൊരു ടീമായി പ്രവർത്തിക്കുന്നു. ആദ്യപടിയായി ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നോഡൽ ഒാഫീസർമാരെ നിയമിച്ചു. എല്ലാ തീരുമാനങ്ങളും മാർഗനിർദേശങ്ങളും ഒട്ടും വൈകാതെ താഴെത്തട്ടിലെത്തിച്ചു. കൊവിഡ് ലക്ഷണങ്ങൾ ഉളളവരെപ്പറ്റി വിവരങ്ങൾ ലഭിച്ചാൽ അപ്പോൾത്തന്നെ ആളിനെ വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നതിന് സംവിധാനമുണ്ടാക്കി. രോഗികളുടെ സഞ്ചാരപാത തയ്യാറാക്കാൻ കഴിഞ്ഞതും നേട്ടമായി. രോഗികളുമായും രോഗലക്ഷണങ്ങൾ ഉളളവരുമായും സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ആരോഗ്യവകുപ്പിലെ 150 ജീവനക്കാർ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിക്കുന്നു. ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാൻ മടിക്കുന്നവർക്ക് കൗൺസിലിംഗ് നൽകാൻ 27 പേരുടെ സംഘം വേറെയുണ്ട്.

? കൊവിഡ് പ്രതിരോധ പ്രവർത്തനം

ഏകോപിപ്പിക്കുന്നത് എങ്ങനെയാണ്.

> ജില്ലയിൽ 5000ത്തോളം ആരോഗ്യ പ്രവർത്തകരുടെ പങ്കാളിത്തമുണ്ട്. വാളണ്ടിയർമാർ മുതൽ ഡി.എം.ഒ വരെയുളളവർ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നത്. ജില്ലാ തലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ കളക്‌ടർ ചെയർമാനായ ജില്ലാ കൺട്രോൾ സെല്ലുണ്ട്. അതിനു കീഴിൽ 15 ടീമുകളുണ്ട്. രോഗമുളളവരുടെയും ഉണ്ടാകാൻ സാദ്ധ്യതയുളളവരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കുക, നിരീക്ഷണത്തിലുളള മുഴുവൻ പേരെയും ഫാേണിൽ വിളിച്ച് ലക്ഷണങ്ങൾ വിലയിരുത്തുന്ന കോൾ സെന്റർ, കൊവിഡ് സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാനുളള കൺട്രോൾ റൂം, ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പി.പി.ഇ കിറ്റ്, മാസ്ക്, സാനിട്ടൈസർ തുടങ്ങിയവ എത്തിക്കുന്ന മെറ്റീരിയൽ വിഭാഗം, െഎസൊലേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന വിഭാഗം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്ന വിഭാഗം എന്നിങ്ങനെയാണ് ടീമുകൾ പ്രവർത്തിക്കുന്നത്.

? ബ്ളോക്ക് തലങ്ങളിലുളള പ്രവർത്തനം.

ജില്ലയിൽ 10 ആരോഗ്യ ബ്ളോക്കുകളാണുളളത്. ഒരോ ബ്ളോക്കിലും ഒാരോ മെഡിക്കൽ ഒാഫീസർമാരെ നിയമിച്ചിട്ടുണ്ട്. കൊവിഡ് കൺട്രോൾ നോഡൽ ഒാഫീസർമാരാണിവർ. ഇവരാണ് താഴെത്തട്ടിലേക്ക് നിർദേശങ്ങൾ നൽകുന്നതും നടപ്പാക്കി എന്നുറപ്പാക്കുന്നതും. നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുടെ ബുദ്ധിമുട്ടുകൾ നോഡൽ ഒാഫീസറെ അറിയിക്കണം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സാമ്പിൾ ടെസ്റ്റ് നടത്തേണ്ടത് നോഡൽ ഒാഫീസറാണ്. സ്രവങ്ങൾ ശേഖരിക്കുന്നത് പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ്. ചെറിയ രോഗലക്ഷണങ്ങൾ ഉളളവരോട് സ്വന്തം വാഹനത്തിൽ ആശുപത്രികളിൽ എത്താൻ നിർദേശിക്കും. കാര്യമായ ലക്ഷണങ്ങൾ ഉളളവർക്ക് ആശുപത്രിയിലെത്താൻ വാഹനം അനുവദിക്കും.

? ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ

പഞ്ചായത്ത് തലങ്ങളിൽ മെഡിക്കൽ ഒാഫീസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാ, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാർ എന്നിവരുടെ സംഘമാണ് പ്രവർത്തിക്കുന്നത്. ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നത് ഇവരാണ്. നിരീക്ഷണത്തിലുളളവരുടെയും ബന്ധുക്കളുടെ ആരോഗ്യ വിവരങ്ങൾ ഇവർ എല്ലാ ദിവസവും ഫോണിൽ വിളിച്ച് അന്വേഷിക്കുന്നു.

? ജില്ലാ അതിർത്തികളിൽ പരിശോധന എങ്ങനെയാണ്.

ജില്ലാ അതിർത്തികളിൽ 14 കേന്ദ്രങ്ങളിൽ സ്ക്രീനിംഗ് നടത്തുന്നു. ജൂനിയർ ഹെൽത്ത് നഴ്സിന്റെ നേതൃത്വത്തിൽ വാളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. അതിർത്തി കടന്നു വരുന്ന വാഹനയാത്രക്കാരെ പരിശോധിക്കും. ഒരു ദിവസം ശരാശരി അയ്യായിരത്തിൽ പരം ആളുകളെ സ്ക്രീൻ ചെയ്യുന്നുണ്ട്. സംശയമുളളവരോട് ഗൃഹ നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആവശ്യപ്പെടും. ഇവരുടെ വിവരങ്ങൾ ബ്ളോക്ക് വഴി ജില്ലാ കേന്ദ്രങ്ങളിൽ അറിയിക്കും.

? ഇപ്പോഴത്തെ വെല്ലുവളി.

ജില്ലയ്ക്ക് പുറത്തു നിന്ന് വന്ന പല ആളുകളും പറയാതിരിക്കുന്നതാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ നേരിടുന്ന പ്രശ്നം. അറിയിക്കാതിരിക്കുന്നവർക്ക് ക്വാറന്റൈൻ റിലീസ് സർട്ടിഫിക്കറ്റ് നൽകില്ല. സർട്ടിഫിക്കറ്റില്ലെങ്കിൽ ജില്ലയ്ക്ക് പുറത്തുപോയി ജോലി ചെയ്യാൻ കഴിയില്ല.

? ജില്ല കൈവരിച്ച നേട്ടത്തെക്കുറിച്ച് എന്തുപറയുന്നു.

ഒരു ജീവനും അപകടത്തിലാകരുത് എന്ന ഒറ്റ ലക്ഷ്യമേയുളളൂ. ആരോഗ്യ വകുപ്പ് ജീവനക്കാർ മാത്രമല്ല, അവശ്യ സർവീസിൽപെട്ട മുഴുവൻ ജീവനക്കാരും ഒത്തൊരുമിച്ചുളള പ്രവർത്തനമാണ് നടക്കുന്നത്. അതിന്റെ ഫലം ലഭിക്കുന്നു, സന്തോഷമുണ്ട്. പ്രതിസന്ധി നമ്മൾ മറികടന്നിട്ടില്ല.