പത്തനംതിട്ട : ഒരു ബസ് ഓടിയില്ലെങ്കിൽ കുറഞ്ഞത് മൂന്ന് പേരുടെ വീട് പട്ടിണിയാകും. ചില ബസിൽ ഇത് നാലും അഞ്ചും കുടുംബമാകും. 380 സ്വകാര്യ ബസുകളുണ്ട് ജില്ലയിൽ. ഇതിൽ രണ്ടായിരത്തോളം ജീവനക്കാരുണ്ട്. ഭൂരിഭാഗവും ചെറുപ്പക്കാരാണ് സ്വകാര്യ ബസിൽ പണിയെടുക്കുന്നത്. കുടുംബ ജീവിതം തുടങ്ങിയിട്ടേയുള്ളു പലരും . ചിലർ വീടിന്റെ ഏക ആശ്രയമാണ്. ലോക്ക് ഡൗണും നിരോധനാജ്ഞയും കാരണം വീട്ടിനുള്ളിൽ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ കഴിയുകയാണിവർ. മാർച്ച് 8 ന് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മുതൽ സ്വകാര്യ ബസ് ജീവനക്കാർ പ്രതിസന്ധിയിലാണ്. ഡീസൽ അടിയ്ക്കാൻ പോലുമുള്ള തുക പിന്നീട് ഉള്ള ദിവസങ്ങളിൽ ലഭിച്ചിരുന്നില്ല. 16,000 രൂപ കിട്ടുന്ന സർവീസുകൾ 2000, 4000 രൂപയായി കുറഞ്ഞു. ആളുകൾ റോഡിൽ ഇറങ്ങാതായതോടെ ബസുകളും കാലിയായി. ബസ് ഉടമകളിൽ ചിലർ തങ്ങളുടെ ജീവനക്കാർക്ക് സാധനങ്ങളടങ്ങിയ കിറ്റ് നൽകി. ചിലർക്ക് അതും ഇല്ല. റേഷൻ ലഭിച്ചെങ്കിലും കുട്ടികളുടെ കാര്യങ്ങളും മറ്റുമായി ആകെപ്പാടെ ദുരിതത്തിലാണ് ജീവനക്കാർ .

" ബസ് ഉടമകൾക്കും വലിയ ബുദ്ധിമുട്ടാണ്. ഇൻഷുറൻസും ടാക്സും അടയ്ക്കണം . സാവകാശം ഉണ്ട് എന്നാലും മാർച്ചിൽ ഒരു വരുമാനവും ലഭിച്ചിട്ടില്ല. അടയ്ക്കാൻ കഴിയുന്നവർ ഉണ്ട് . പക്ഷെ ഒരു ബസിന് 6000 രൂപ ടാക്‌സും 10000 രൂപ ഇൻഷുറൻസും അടയ്ക്കണം. എല്ലാവർക്കും കഴിയണമെന്നില്ല. സർവീസ് നടത്തി ഇതൊക്കെ അടയ്ക്കുന്നവർക്ക്‌ വലിയ ബുദ്ധിമുട്ട് ഉണ്ടാകും. എല്ലാവരും ബുദ്ധിമുട്ടിലാണ്. "

ലാലു മാത്യു

പഴൂർ ബസ് ഉടമ