labour
തിരുവല്ല താലൂക്കിലെ തൊഴിലാളികൾക്ക് നൽകാനായി ഭക്ഷണ സാധനങ്ങൾ കുറ്റപ്പുഴയിലെ ക്യാംപിലെത്തിച്ചപ്പോൾ

തിരുവല്ല: ലോക്ക് ഡൗണിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ താമസിക്കുന്നവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. റവന്യൂ വകുപ്പിന്റെ നിയന്ത്രത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണച്ചെലവ് അവരെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട്ട ഉടമകൾ വഹിക്കാമെന്ന് കഴിഞ്ഞ ദിവസം സബ് കലകട്റുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ ഇതു പാലിക്കാൻ കെട്ടിട ഉടമകൾ തയാറാകാതെ വന്നതോടെയാണ് റവന്യൂ വകുപ്പ് നേരിട്ട് കിറ്റുകൾ വിതരണം ചെയ്തത്. നഗരസഭയിലെ വാരിക്കാട്, അണ്ണവട്ടം വാർഡുകളിലായി താമസിക്കുന്ന 793 തൊഴിലാളികൾക്കാണ് കിറ്റുകൾ നൽകുന്നത്.5 കിലോ അരി,സവാള, കിഴങ്ങ്, തക്കാളി, മസാല പൊടികൾ എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.ഇവ തീരുമ്പോൾ അടുത്ത ഘട്ടം വിതരണം ചെയ്യും. കുന്നന്താനം പാമലയിലെ ഫുഡ് കോർപ്പറേഷൻ ഗോഡൗണിൽ നിന്നുമാണ് സാധനങ്ങൾ എത്തിക്കുന്നത്.മാത്യു ടി.തോമസ് എം.എൽ.എ,നഗരസഭാ ചെയർമാൻ ആർ ജയകുമാർ, തഹസിൽദാർ പി. ജോൺ വർഗീസ്,വാർഡ് കൗൺസിലറന്മാരായ എം.കെ നിസാമുദ്ദീൻ,ബിജു കാഞ്ഞിരത്തുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റുകൾ വിതരണം ചെയ്തത്.