അടൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മദർതെരേസാ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാതൃകയാകുന്നു. എണ്ണൂറിലധികം കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിച്ച് ഏവരുടേയും ശ്രദ്ധകവർന്ന സംഘടന സൗജന്യ ഡയാലിസിസ് യൂണിറ്റുകൂടി തുടങ്ങി നൂറ് കണക്കിന് വൃക്കരോഗികൾക്കു കൈത്താങ്ങായി പ്രവർത്തിച്ചു വരുകയായിരുന്നു. കോവിഡ് 19ന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് കൈത്താങ്ങായതിനൊപ്പം കഴിഞ്ഞ ദിവസങ്ങളായി രണ്ട് പദ്ധതികൾക്ക് കൂടി സന്നദ്ധപ്രവർത്തകർ രംഗത്ത് ഇറങ്ങിയതോടെ മാതൃകയാകുകയാണ് പാലീയേറ്റീവ് സൊസൈറ്റി. അടൂർ നഗരത്തിലും പരിസരങ്ങളുമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നിരാശ്രയവരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ചിറ്റയം ഗോപകുമാർ എം.എൽ.എയ്ക്കും അടൂർ പൊലീസിനുമൊപ്പം ഏറ്റെടുത്ത് നടപ്പാക്കൻ വന്നതോടെ 23 നിരാലംബരാണ് ഇന്ന് കരുവാറ്റ ഗവ.എൽ.പി സ്കൂളിൽ ഒരുക്കിയ ക്യാമ്പിൽ കൂടി കഴിയുന്നത്. ഇവരുടെ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭയും കുടുംബശ്രീ യൂണിറ്റും ഏറ്റെടുത്തെങ്കിലും ഇവിടെ കഴിയുന്ന ആളുകളുടെ മറ്റ് പരിപൂർണസംരക്ഷണം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വോളണ്ടിയർമാർ ഏറ്റെടുത്തു.ഇവിടെ കഴിയുന്നവരുടെ ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞ് നടപ്പാക്കാൻ വോളണ്ടിയർമാർ സദാസന്നദ്ധരായി രംഗത്തുണ്ട്.ഏറ്റവും ഒടുവിൽ 'മെഡികാൾ' എന്ന പുതിയ സംരഭത്തിന് ഇന്നലെ തുടക്കം കുറിച്ചു. ഇനി മൂന്ന് ഫോൺ നമ്പരുകളിൽ വിളിച്ചാൽ മരുന്ന് നിങ്ങളുടെ വീട്ടിൽ സൗജന്യമായി എത്തിക്കും.മെഡിൽ സ്റ്റോറുകാർ നൽകുന്ന ബിൽ തുക മാത്രം നൽകിയാൽ മതി.ലോക്ക് ഡൗണിനിടയിലും നിരത്തിലിറങ്ങുന്ന വാഹനങ്ങളിലേറെയും മരുന്ന് വാങ്ങാൻ എത്തുന്നവരുടേതാണെന്ന കണ്ടെത്തലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.9544571057, 9847683419,8921783748 എന്നീ നമ്പരുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാകുക.ഈ നമ്പരുകൾ അറ്റൻഡ് ചെയ്യുന്നത് എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.മരുന്നിന്റെ വിവരങ്ങൾ ശേഖരിച്ച് റൂട്ടും മനസിലാക്കി മദർ തെരേസാ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വോളണ്ടിയർമാർ യാതൊരു സർവീസ് ചാർജ്ജും ഇല്ലാതെ ബന്ധപ്പെട്ടവരുടെ വീടുകളിലെത്തിക്കും.ഇതിന്റെ ഉദ്ഘാടനം ഇന്നലെ ചിറ്റയം ഗോപകുമാർ എം.എൽ.എ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ് മരുന്ന് നൽകി നിർവഹിച്ചു.ചടങ്ങിൽ ഡി.വൈ.എസ്.പി ജവർ ജനാർഡ് അദ്ധ്യക്ഷതവഹിച്ചു.കെ.പി.ഉദയഭാനു, അഡ്വ.എസ്. മനോജ്,നഗരസഭ വൈസ് ചെയർമാൻ ജി. പ്രസാദ്,സർക്കിൾ ഇൻസ്പെക്ടർ യു.ബിജു എന്നിവർ പ്രസംഗിച്ചു.