കോട്ടാങ്ങൽ: കോട്ടാങ്ങൽ പഞ്ചായത്ത് സെക്രട്ടറിയുടെയും ഭരണസമിതിയുടേയും അനാസ്ഥമൂലം ലോക് ഡൗൺ കാലത്ത് നൂറുകണക്കിന് വിധവകൾക്ക് ആശ്രയം ആകേണ്ടിയിരുന്ന വിധവാ പെൻഷൻ നഷ്ടമായി. വിധവകളായ സ്ത്രീകൾ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സത്യവാഗ്മൂലം പെൻഷനുമായി ബന്ധപ്പെട്ടസർക്കാർ സൈറ്റിൽ യഥാസമയം അപ്‌ലോഡ് ചെയ്യുന്നതിൽ സെക്രട്ടറി അടക്കമുള്ള പഞ്ചായത്ത് അധികൃതരുടെ കുറ്റകരമായ വീഴ്ചയാണ് പെൻഷൻ മുടങ്ങിയതിന് കാരണം. വിധവകളുടെ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കോട്ടാങ്ങൽ പഞ്ചായത്തിലെ ബി.ജെ.പി നേതാക്കളും പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറിയെ തടഞ്ഞു വച്ചിരുന്നു. കോവിഡ് 19 മൂലം സാധാരണക്കാർ ദുരിതമനുഭവിക്കുന്ന ഈ കാലത്ത് വിധവകൾക്ക് നിഷേധിക്കപ്പെട്ട പെൻഷൻ ലഭ്യമാക്കുന്നതിനും കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും കളക്ടർക്കും ഡി.ജി.പിക്കും പരാതി കൊടുക്കുമെന്നും ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ കോട്ടങ്ങൽ, ജനറൽ സെക്രട്ടറി രാജേഷ് കുട്ടനാപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ദീപ്തി ദാമോദരൻ, സി.ആർ വിജയമ്മ എന്നിവർ അറിയിച്ചു.