04-elavum-koithulsavam
കൊയ്ത്ത് യന്ത്രം നെല്ല് കൊയ്തുകൂട്ടുന്നു.

ഇലവുംതിട്ട: കതിരണിഞ്ഞ കൊല്ലംചിറ-മണ്ണിൽക്കടവ് വയൽക്കര പാടത്ത് പൊലീസ് കാവലിൽ വിളവെടുപ്പ് നടന്നു.വയൽക്കരകൾ കൊറോണ ഭീതിയിൽ ശോകമൂകമായിരുന്നു. കാവിലെ വൃഷത്തലപ്പുകളിൽ കൂടുകൂട്ടി പറന്നെത്തുന്ന പഞ്ചവർണക്കിളികളും തുക്കണാം കുരുവിയും എങ്ങുമില്ല.വേനലിന്റെ കാഠിന്യത്തിന് മാത്രം ഒട്ടും കുറവില്ല.കാലികളുടെ പശിയടക്കാൻ വയക്കോൽ വരുന്നവർ മാത്രം യന്ത്രങ്ങളുടെ പിന്നാലെ.തരിശുകിടന്ന പുഞ്ചപ്പാടം ഉഴുതുമറിച്ച് പുതുതലമുറയിലെ സ്‌കൂൾ കുട്ടികൾ വിത്തെറിഞ്ഞ വയലിടങ്ങളിൽ പതിരില്ലാത്ത കതിരുകളാണ് വിളഞ്ഞത്.കൊവിഡ്-19 എന്ന മാരക വിഷ വൈറസ് എല്ലാം തകർത്തു.മൂന്ന് ആഴ്ച മുമ്പ് കൊയ്യേണ്ട വയലിടങ്ങളിൽ കൊയ്ത്തുകാരും യന്ത്രങ്ങളുമില്ലാതെ വലഞ്ഞു.നൂറ് മേനി വിളഞ്ഞ നെല്ല് വീണടിഞ്ഞ് കിളിർത്തു നശിക്കുന്നത് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് അമ്പലക്കടവ് പുഞ്ചയിൽ കൊയ്ത്ത് യന്ത്രങ്ങളുടെ ചക്രങ്ങൾ ഉരുണ്ടത്.ആദ്യ ദിനം ഒരു യന്ത്രവും ഇന്നലെ മൂന്ന് യന്ത്രങ്ങളുമാണ് കൊയ്ത്തിനിറങ്ങിയത്.50 ഏക്കർ കൃഷിയിടം മൂന്ന് നാൾകൊണ്ട് കൊയ്തുകയാറാൻ കഴിയുമെന്നാണ് പ്രതീക്ഷ. മണ്ണിൽക്കടവ് ഏലായിലാണ് ആദ്യം കൊയ്ത്തു തുടങ്ങിയത്.പീന്നീട് കൊല്ലംചിറ,കലാവേദിപ്പടി എന്നിവിടങ്ങളിൽ രാപകൽ കൊയ്ത്ത് സജീവമായി.പലയിടങ്ങളിലും വെളളത്തിൽ വീണടിഞ്ഞ കതിർമണികൾ കിളിർത്ത് നെൽച്ചെടികളായി.ഉയർന്ന ഇടങ്ങളിൽ നെല്ല് ഉണങ്ങിക്കരിഞ്ഞതായും ഏല വികസന സമിതി കൺവീനർ ജോസ് പരാതിപ്പെട്ടു.