gavi

പത്തനംതിട്ട: ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷണമില്ലാതെ കുടുങ്ങിപ്പോയ ഗവി നിവാസികൾക്ക് കേരളകൗമുദി വാർത്ത ആശ്വാസമായി. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഗവിയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കിറ്റുകളെത്തിച്ചു വിതരണം ചെയ്തു.

ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷ്യ സാധനങ്ങൾ ലഭിക്കാതെ ഗവി നിവാസികൾ കുടുങ്ങിയ കാര്യം കേരളകൗമുദി ഇക്കഴിഞ്ഞ 30ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട എം.എൽ.എ ഇന്നലെ ഭക്ഷ്യ സാധനങ്ങളുമായി നേരിട്ട് എത്തുകയായിരുന്നു.

പഞ്ചായത്ത്, വനം, റവന്യൂ, പൊലീസ്, പട്ടികവർഗ വികസനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയുംകൂട്ടി കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷണവും മരുന്നുമായാണ് എം.എൽ.എ എത്തിയത്.

ഗവി നിവാസികൾക്ക് ലോക്ക് ഡൗണിന്റെ ഭാഗമായി ആവശ്യമായ സഹായം ഏർപ്പെടുത്താത്ത കെ.എഫ്.ഡി.സി അധികൃതരെ എം.എൽ.എ ശാസിച്ചു. തൊഴിലാളികൾ ഭക്ഷണ സാധനങ്ങൾ വാങ്ങാനും, ചികിത്സയ്ക്കും 35 കിലോമീറ്റർ അകലെ വണ്ടിപ്പെരിയാറിൽ ആണ് പോകുന്നത്. കെ.എ.ഫ്.ഡി.സി വാഹനസൗകര്യം നൽകാത്തതിനാൽ ഒാട്ടോറിക്ഷയിലും നടന്നുമാണ് ഇത്രയും ദൂരം പോകുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 1200 രൂപയോളം ഒാട്ടോക്കൂലി ആകുമായിരുന്നു. തൊഴിലാളി കുടുംബങ്ങളിൽപെട്ടവർക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാൽപോലും വാഹനത്തിന് ഡീസലില്ല എന്നു പറഞ്ഞ് കെ.എഫ്.ഡി.സി അധികൃതർ കൈമലർത്തുകയാണെന്ന് തൊഴിലാളിയായ സരസമ്മ എം.എൽ.എയോടു പറഞ്ഞു.

തൊഴിലാളികൾക്ക് ലോക്ക് ഡൗൺ സമയത്ത് സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കാതിരുന്നാൽ കർശനനടപടി സ്വീകരിക്കുമെന്ന് എം.എൽ.എ കെ.എഫ്.ഡി.സി മാനേജരെ അറിയിച്ചു. തൊഴിലാളികൾ താമസിക്കുന്ന എല്ലാ ലയങ്ങളും ജനീഷ് കുമാർ സന്ദർശിച്ചു. കക്കി, എട്ടു ഷെഡ്, ആനച്ചാല്‍, കൊച്ചുപമ്പ, പതിനാലാം മയിൽ, ഗവി, മീനാർ തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തിയ അദ്ദേഹം തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു.

രോഗമുള്ളതായി പറഞ്ഞ തൊഴിലാളികളെ ഡോക്ടർമാർ പരിശോധിച്ചു മരുന്നുനൽകി. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.എഫ്.ഡി.സി ചെയർമാനും എം.ഡിയും ഉൾപ്പടെയുള്ള ആളുകളെ വരുത്തി യോഗം ചേരുമെന്ന് എം.എൽ.എ ഉറപ്പു നൽകി. 300 കുടുംബങ്ങൾക്കാണ് ഗവിയിൽ ഭക്ഷണ കിറ്റ് നൽകിയത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം റെഡ് ക്രോസ് സൊസൈറ്റിയാണ് ഭക്ഷണ കിറ്റിനുള്ള സാധനങ്ങൾ കൈമാറിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി.ആർ.പ്രമോദ്, തഹസീൽദാർ ശ്രീകുമാർ, ആയുഷ് നോഡൽ ഓഫീസർ ഡോ. എബി ഏബ്രഹാം, റെഡ് ക്രോസ് ജില്ലാ സെക്രട്ടറി കെ.റ്റി.രഞ്ജിത്ത്, വൈസ് ചെയർമാൻ സുബിൻ വർഗീസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയഘോഷ്, പട്ടികവർഗ വികസന വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ഡോ. ലക്ഷ്മി.ആർ.പണിക്കർ, ഗ്രാമപഞ്ചായത്തംഗം വി.കുമാർ, കൈത്താങ്ങ് പദ്ധതി പ്രവർത്തകരായ സംഗേഷ്.ജി.നായർ, ജോബി.ടി.ഈശോ തുടങ്ങിയവർ ഉണ്ടായിരുന്നു.