ആറന്മുള : കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിലെ 82 അഗതികൾക്ക് ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്റെ ഇടപെടൽ ആശ്വാസമായി. കൊവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഒരു സഹായവും എത്തിച്ചേരാത്ത സാഹചര്യത്തിൽ കരുണാലയം ഒറ്റപ്പെടുകയായിരുന്നു. ഭക്ഷണസാധനങ്ങൾ പൂർണമായും തീർന്നു. ഇൗ സാഹചര്യത്തിൽ പ്രസിഡന്റിന്റെ സഹായം തേടി കരുണാലയം അധികൃതർ ഫോൺ ചെയ്തു. ഉടൻ തന്നെ പ്രസിഡന്റ് കരുണാലയത്തിൽ എത്തിച്ചേർന്ന് അഗതികളെ സമാധാനിപ്പിച്ചു. ഒരാഴ്ചത്തേക്ക് അവശ്യമായ സാധനങ്ങൾ പ്രസിഡന്റിന്റെ സ്വകാര്യ വാഹനത്തിൽ സ്വന്തം ചെലവിൽ വാങ്ങി കരുണാലയത്തിൽ നൽകി. വല്ലന എസ്.എൻ.ഡി.പി ശാഖാ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചണിന്റെ ചുമതലയും ഐഷ പുരുഷോത്തമനാണ്. 27 മുതൽ ആരംഭിച്ച ആറന്മുള ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ 5ദിവസത്തെ ഉച്ച ഭക്ഷണവും അഗതി ആശ്രയക്കാർ, അഗതി തൊഴിലാളികൾ, യാചകർ, നിരീക്ഷണത്തിലുള്ളവർ എന്നിങ്ങനെയുള്ള 530 പേർക്ക് സൗജന്യമായി പൊതിച്ചോറും നൽകി. എസ്.എൻ.ഡി.പി വല്ലന 74-ാം ശാഖയുടെയും വല്ലന മഹാദേവ ക്ഷേത്രത്തിന്റെയും പ്രസിഡന്റ് കൂടിയാണിവർ.