04-labours
ആധാർ കാർഡുമായി റേഷൻ കടകളിൽ കയറിയിറങ്ങി വലഞ്ഞ് അതിഥി തൊഴിലാളി

ചെങ്ങന്നൂർ: ആധാർകാർഡുമായി അന്യസംസ്ഥാനതൊഴിലാളി രണ്ടുദിവസമായി റേഷൻ കടകളിൽ കയറിയിറങ്ങി ദുരിതത്തിലായി. ദിവസങ്ങളായി ജോലിയില്ലാതെ ബുദ്ധിമുട്ടിലായ അന്യതൊഴിലാളി കുടുംബത്തിൽ ഭാര്യയും രണ്ടു മക്കളും അമ്മയും അനുജനും അടക്കം അഞ്ചു പേരും രണ്ടു കുട്ടികളുമാണ് ഉള്ളത്.സന്നദ്ധ സംഘടനകൾ നൽകുന്ന പൊതിച്ചോറാണ് ഇവർക്ക് ഒരു പരിധിവരെ ആശ്രയമായത്. നമ്മുടെ ഭക്ഷണശീലം അല്ലാത്ത ഭാര്യയും മക്കളും സ്വന്തമായി വെച്ചുണ്ടാക്കി കഴിക്കാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭ്യമാക്കാനായി ഭരത് എന്ന ചെറുപ്പക്കാരൻ റേഷൻ കടകൾ തോറും സൈക്കിൾ ചവിട്ടി കയറി ഇറങ്ങിയത് രണ്ടുദിവസം. ഇടയ്ക്ക് ടൗണിൽവെച്ച് പൊലീസ് താക്കീത് നൽകുകയും ചെയ്തു.വിവരം അറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ മണ്ണാരേത്ത് ടൗണിലുള്ള 33 -ാം റേഷൻകടയിൽ വിവരമറിയിക്കുകയും കടയുടമ ബാബുവിന്റെ സഹായത്തോടെ ആധാർ കാർഡ് വഴി റേഷൻ വിതരണം നടത്തുന്നതിനെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ നീക്കി കടയിൽ നിന്നും റേഷൻ നൽകുകയായിരുന്നു.വിവരം കെ.എഫ്.സി ആലപ്പുഴ ജില്ലാ മജിസ്‌ട്രേറ്റ് അറിയുകയും അദ്ദേഹം വിവരമറിയിച്ചതിനെത്തുടർന്ന് ചെങ്ങന്നൂരിലെ ലീഗൽ സർവീസ് കമ്മിറ്റി കോഡിനേറ്റർ ബാബു എ.എൽ.ഒ ശ്രീദേവിഎന്നിവർ ഭാരതിന്റെ വാടക വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽകണ്ട് അവർക്കും കുട്ടികൾക്കും ആവശ്യമുള്ള സാധനങ്ങൾ അപ്പോൾതന്നെ എത്തിച്ചു കൊടുക്കുകയും തുടർന്നുള്ള സഹായങ്ങൾക്ക് ബന്ധപ്പെടുവാൻ അറിയിക്കുകയും ചെയ്തു.