തിരുവല്ല: സുഹൃത്തിനാെപ്പം കുളിക്കാനിറങ്ങിയ ബി.കോം വിദ്യാർത്ഥി മണിമല ആറ്റിൽ മുങ്ങി മരിച്ചു. തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ നാരകത്തറമുട്ട് തടത്തിൽ സജിയുടെ മകൻ ജെയ്സൺ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തലവടി പുരയ്ക്കൽ കടവിന് സമീപമാണ് സംഭവം. സുഹൃത്തായ രോഹിത്തുമൊത്ത് കുളിക്കാൻ എത്തിയതായിരുന്നു. ആറിന് കുറുകെ നീന്തുമ്പോൾ ജെയ്സൺ കാൽ കുഴഞ്ഞ് ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. രോഹിത്തിന്റെ നിലവിളികേട്ട് സമീപവാസികൾ ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരുവല്ലായിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്.
മല്ലപ്പള്ളി മാർ ഇവാനിയേഴ്സ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ജിഷ. ഏക സഹോദരൻ ജെസ്വിൻ.