പത്തനംതിട്ട കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ ടീമിന്
അഭിന്ദനവുമായി മന്ത്രി
പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ഓടുന്ന സർക്കാർ വാഹനങ്ങളെ 'വൈറസ്' പിടികൂടുന്നു. ആരോഗ്യ വകുപ്പ്, കൺസ്യൂമർ ഫെഡ്, പൊലീസ് വിഭാഗങ്ങളുടെ വാഹനങ്ങളാണ് തകരാറിലാകുന്നത്. ഇത് ഉദ്യോഗസ്ഥരെ വലക്കുമ്പോൾ സഹായത്തിനായി ഓടിയെത്തുന്നത് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ്. ഇന്നലെ 9 വണ്ടികൾ നന്നാക്കി കൊടുത്തു. നാലു ദിവസമായി 18 വണ്ടികളുടെ തകരാർ പരിഹരിച്ചു.
കെ.എസ്.ആർ.ടി.സി സൗത്ത് സോണിൽ ഏറ്റവും കൂടുതൽ സർക്കാർ വാഹനങ്ങൾ നന്നാക്കി നൽകിയ പത്തനംതിട്ട കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗത്തിന് മന്ത്രി കെ.കെ. ശശീന്ദ്രന്റെ അഭിനന്ദന സന്ദേശവുമെത്തി. സൗത്ത് സോൺ എക്‌സിക്യുട്ടീവ് ഡയറക്ടർ ജി.അനിൽ കുമാറിനെ ഫോണിൽ വിളിച്ചാണു മന്ത്രി അഭിനന്ദനം അറിയിച്ചത്.
തകരാറിലായ സർക്കാർ വാഹനങ്ങളുടെ വർക്ക്‌ഷോപ്പായി മാറുകയായിരുന്നു പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഗ്യാരേജ്.
മാർച്ച് 31 നാണ് ഗ്യാരേജിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. ബ്രേയ്ക്ക് ഡൗൺ, മെയിന്റനൻസ് എന്നുവേണ്ട ഏൽപ്പിക്കുന്ന എല്ലാ പണികളും കൃത്യതയോടെ ചെയ്തു നൽകുന്നുണ്ട് ഈ ടീം. ജില്ലാ കൺസ്യൂമർഫെഡിന്റെ വാഹനം തകരാറിലായത് നന്നാക്കാനാകുമോ എന്ന കൺസ്യൂമർഫെഡ് മാനേജരുടെ അന്വേഷണം സൗത്ത് സോൺഎക്‌സിക്യുട്ടീവ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ റോയി ജേക്കബിന്റെ നേതൃത്വത്തിൽ താനും രണ്ട് മെക്കാനിക്കുകളും ഒരു ഓട്ടോ ഇലക്ട്രീഷനും അടങ്ങിയ ടീം വർക്ക് ചെയ്യാൻ തയാറായി മുന്നിട്ടിറങ്ങുകയായിരുന്നൂവെന്ന് മെക്കാനിക്കൽ സൂപ്പർവൈസർ ഗിരീഷ് കുമാർ പറഞ്ഞു.
സ്‌പെയർപാർട്‌സ് ലഭ്യമല്ലാത്തതാണു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം. ഇതിനും ഇവർ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. കുമ്പഴ ഭാഗങ്ങളിലുള്ള ചില സ്‌പെയർപാർട്‌സ് കടയുടമകളെ ഫോണിൽ വിളിച്ചു അവ കളക്ട് ചെയ്താണ് പ്രശ്‌നം പരിഹരിക്കുന്നത്.
മെക്കാനിക്കുകളായ കെ.ടി മുരളീധരൻ, എസ്.നൗഷാദ്, ഓട്ടോ ഇലക്ട്രീഷൻ സോജി രാജൻ എന്നിവരാണ് ഗ്യാരേഡിലെ സ്‌പെഷ്യൽ മെക്കാനിക്കൽ ടീമിലെ മറ്റ് അംഗങ്ങൾ. ദിവസവും ഗ്യാരേജിൽ എത്തുന്ന ഇവരുടെ സേവനം അവശ്യസർവീസായി പരിഗണിച്ച് ഇവരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണോട് വീണാ ജോർജ് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8943218861, 9846853724.