തിരുവല്ല: കൊറോണ പകർച്ചവ്യാധി പരിഗണിച്ച് ഒരു മാസത്തെ മുറി വാടക ഒഴിവാക്കിയ തിരുവല്ല നഗരസഭയുടെ തീരുമാനത്തെ മാതൃകയാക്കി താലൂക്കിലുള്ള മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും വിവിധ സഭകളുടെയും കെട്ടിടങ്ങളിലെ മുറിവാടകയും കുറയ്ക്കുവാൻ ഉടമസ്ഥർ തയാറാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ 22 മുതൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.പല സ്ഥാപനങ്ങളും അതിനു മുൻപേ തന്നെ അടച്ചിരുന്നു.കോവിഡ് 19 മൂലം തകർന്നടിഞ്ഞ ഒരുവിഭാഗമാണ് ചെറുകിട വ്യാപാരികൾ.സർക്കാരിന്റെ ഭാഗത്തു നിന്നു ഇതുവരെയും വ്യാപാരികൾക്കുള്ള ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല.സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുകയും നിരവധിപേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന ചെറുകിട വ്യാപാരികളുടെ തകർച്ച നാട്ടിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ അവസരത്തിൽ വർഷങ്ങളായി തങ്ങളുടെ കെട്ടിടങ്ങളിൽ വാടക നൽകി വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് മൂന്ന് മാസത്തെയെങ്കിലും വാടക ഇളവ് നൽകി ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുവാൻ കെട്ടിട ഉടമകൾ തയാറാവണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല താലൂക്ക് സമിതി ആവശ്യപ്പെട്ടു.ലോക് ഡൗൺ കഴിഞ്ഞാലുടൻ താലുക്കിലുള്ള മുഴുവൻ കെട്ടിട ഉടമകളെയും നേരിൽ കണ്ടു ഈആവശ്യം ഉന്നയിച്ച് നിവേദനം നൽകുവാൻ എല്ലാ യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് വിനോദ് സെബാസ്റ്റ്യൻ,സെക്രട്ടറി വി.എം സദാശിവൻ പിള്ള എന്നിവർ പ്രസംഗിച്ചു.