പത്തനംതിട്ട : ലോക്ക് ഡൗണും നിരോധനാജ്ഞയും വലച്ചത് തൊഴിലുറപ്പ് തൊഴിലാളികളെയും കൂടിയാണ്. ഒരു സാമ്പത്തിക വർഷം 100 പണി പൂർത്തിയാക്കുമ്പോൾ 28000 രൂപയാണ് ലഭിക്കുക. സംസ്ഥാന സർക്കാർ ഓണത്തിന് 1000 രൂപ ബോണസും നൽകും. ലോക്ക് ഡൗൺ കാരണം നൂറ് പണി പൂർത്തിയാക്കാത്തതിനാൽ ഇത് നഷ്ടപ്പെടും. നിലവിൽ തൊണ്ണൂറും തൊണ്ണൂറ്റിയഞ്ചും പണി ചെയ്തവരുണ്ട് . പക്ഷേ ബാക്കി പൂർത്തിയാക്കാനായില്ല.
68640 തൊഴിലാളികളുണ്ട് ജില്ലയിൽ. 58000 തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇതിൽ 18000 പേർക്ക് കഴിഞ്ഞ വർഷം 1000 രൂപ അധികം ലഭിച്ചിരുന്നു. മുമ്പ് ചെയ്ത പണിയുടെ കൂലിയും ലോക്ക് ഡൗൺ മൂലം ഇവർക്ക് ലഭിച്ചിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികളിൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ . നാട്ടിൽ കാട് തെളിക്കുന്നത് മുതൽ കനാൽ വൃത്തിയാക്കുക, കിണർ കുഴിക്കുക, കെട്ടിട നിർമ്മാണങ്ങൾ എന്നിവ വരെ തൊഴിലാളുകൾ ചെയ്യുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇവർക്ക് പ്രത്യേക ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ല.
തൊഴിലാളികൾക്ക് ഇതുവരെ ചെയ്ത പണിയുടെ ഫെബ്രുവരി വരെയുള്ള കൂലി നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
-------------------
* ജില്ലയിൽ 68640 തൊഴിലാളികൾ
-----------------------
* ഒരു ദിവസത്തെ കൂലി 271 രൂപയായിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം 291 രൂപയാക്കിയിരുന്നു. പക്ഷേ ലോക് ഡൗൺ മൂലം ഇത് പ്രയോജനമില്ലാതെ പോയി
----------------